ചെറിയ അപകടത്തിനും പിഴയും ബ്ലാക്ക് പോയിന്റും
ഷാർജ: ചെറിയതോ വലിയതോ എന്ന വ്യത്യാസമില്ലാതെ, വാഹനാപകടം സംഭവിച്ചാൽ അത് റിപ്പോർട്ട് ചെയ്യാതെ സ്ഥലത്ത് നിന്ന് മാറുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി. ചെറിയ ഉരസലുകളോ പോറലുകളോ ഉണ്ടായാലും പോലീസിനെ അറിയിക്കാതെ പോകുന്നത് നിയമലംഘനമാണെന്നും, ഇതിന് പിഴയും മറ്റ് ശിക്ഷകളും നേരിടേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി. പാർക്കിംഗ് ഏരിയകളിലും താമസമേഖലകളിലും നടക്കുന്ന ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന തെറ്റിദ്ധാരണ മാറ്റുന്നതിനായാണ് ബോധവൽക്കരണ ക്യാമ്പയിൻ നടത്തുന്നത്.
നിയമപ്രകാരം, ചെറിയ അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോകുന്ന ഡ്രൈവർക്ക് 500 ദിർഹം പിഴയും 8 ബ്ലാക്ക് പോയിന്റും ലഭിക്കും. കൂടാതെ വാഹനം 7 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും. വാഹനം തിരികെ ലഭിക്കാൻ 5,000 ദിർഹം വരെ ഫീസ് അടയ്ക്കേണ്ടിവരും. ആവർത്തിച്ചുള്ള നിയമലംഘനങ്ങളും ബ്ലാക്ക് പോയിന്റുകളുടെ വർധനയും ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഷനിലേക്കും നയിക്കാമെന്ന് പോലീസ് അറിയിച്ചു.
അപകടം സംഭവിച്ചാൽ സ്ഥലത്ത് തന്നെ നിൽക്കുകയും, ഔദ്യോഗിക ആപ്പ് വഴിയോ 901 നമ്പറിലോ വിവരം അറിയിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. സമയബന്ധിതമായി റിപ്പോർട്ട് ചെയ്യുന്നത് വലിയ പിഴകളും നിയമപ്രശ്നങ്ങളും ഒഴിവാക്കാൻ സഹായിക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.

No comments:
Post a Comment