ദുബൈയിലെ അഞ്ച് പ്രധാന റോഡുകളിൽ വേഗപരിധി മാറുന്നു; നവംബർ 1 മുതൽ പുതിയ നിയമം

മൂന്ന് റോഡുകളിൽ വേഗപരിധി ഉയരും, രണ്ടിടങ്ങളിൽ കുറയും; പുതിയ പരിധിക്കനുസരിച്ച് സ്പീഡ് ക്യാമറകളും ക്രമീകരിക്കും

ദുബൈ: നവംബർ 1, 2026 മുതൽ ദുബൈയിലെ അഞ്ച് പ്രധാന റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധിയിൽ മാറ്റം വരുത്തുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. മൂന്ന് റോഡുകളിൽ വേഗപരിധി ഉയർത്തുമ്പോൾ രണ്ടിടങ്ങളിൽ കുറയ്ക്കും. ഇരുദിശകളിലേക്കുമുള്ള ഗതാഗതത്തിന് പുതിയ പരിധികൾ ബാധകമായിരിക്കും.

മാറുന്ന വേഗപരിധികൾ:

* അൽ അസായേൽ സ്ട്രീറ്റ്: 60ൽ നിന്ന് 80 കി.മീ/മണിക്കൂർ — ഔദ് മേത്ത സ്ട്രീറ്റിനും അൽ മൈദാൻ സ്ട്രീറ്റിനും ഇടയിൽ.


* അൽ മുസ്തഖ്ബൽ സ്ട്രീറ്റ്: 60ൽ നിന്ന് 70 കി.മീ/മണിക്കൂർ — ശൈഖ് റാഷിദ് സ്ട്രീറ്റിനും അൽ മൈദാൻ സ്ട്രീറ്റിനും ഇടയിൽ.


* ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റ്: 60ൽ നിന്ന് 70 കി.മീ/മണിക്കൂർ — ശൈഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിൽ.


* അൽ റിബാത്ത് സ്ട്രീറ്റ്: 100ൽ നിന്ന് 90 കി.മീ/മണിക്കൂർ — മർറാക്കിഷ് സ്ട്രീറ്റിനും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും ഇടയിൽ.


* ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സ്ട്രീറ്റ്: 80ൽ നിന്ന് 70 കി.മീ/മണിക്കൂർ — 2 ഡിസംബർ സ്ട്രീറ്റിനും ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റിനും ഇടയിൽ.

ദുബൈ പൊലീസുമായി ഏകോപിപ്പിച്ചാണ് മാറ്റങ്ങൾ നടപ്പാക്കുന്നത്. ബന്ധപ്പെട്ട റോഡുകളിലെ വേഗപരിധി ബോർഡുകൾ പുതുക്കുകയും പുതിയ പരിധികൾക്ക് അനുസൃതമായി സ്പീഡ് ക്യാമറകൾ പുനഃക്രമീകരിക്കുകയും ചെയ്യും. റോഡുകളുടെ രൂപകൽപ്പന, ഗതാഗതത്തിരക്ക്, വാഹനങ്ങളുടെ യഥാർഥ വേഗം, നഗരവികസനം, കാൽനടയാത്രക്കാരുടെ സാന്നിധ്യം തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തി നടത്തിയ വിശദമായ സാങ്കേതിക പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഗതാഗതപ്രവാഹം മെച്ചപ്പെടുത്തുന്നതിനും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും വേണ്ടിയാണ് വേഗപരിധികൾ പരിഷ്കരിക്കുന്നതെന്ന് RTA വ്യക്തമാക്കി.



No comments:

Post a Comment