അടിസ്ഥാന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ആനുകൂല്യം; രണ്ട് വർഷത്തെ വേതനമാണ് പരമാവധി പരിധി
ദുബായ്: യുഎഇയിൽ ജോലി അവസാനിപ്പിക്കുമ്പോൾ ലഭിക്കേണ്ട ആനുകൂല്യങ്ങളും മറ്റ് കുടിശ്ശികകളും സംബന്ധിച്ച് വ്യക്തമായ ധാരണയില്ലാത്തത് പല ജീവനക്കാർക്കും ആശയക്കുഴപ്പമുണ്ടാക്കാറുണ്ട്. സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലഭിക്കുന്ന സേവനാനന്തര ആനുകൂല്യമായ ഗ്രാറ്റുവിറ്റി (End of Service Gratuity – EOS) ഇതിൽ പ്രധാനമാണ്. അവസാന അടിസ്ഥാന ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രാറ്റുവിറ്റി കണക്കാക്കുന്നത്. മൊത്തം ശമ്പളമല്ല ഇതിന് പരിഗണിക്കുന്നത്. കുറഞ്ഞത് ഒരു വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കിയ ജീവനക്കാർക്കാണ് സാധാരണയായി ഇതിന് അർഹതയുള്ളത്. ആദ്യത്തെ അഞ്ച് വർഷത്തെ സേവനത്തിന് ഓരോ വർഷവും 21 ദിവസത്തെ അടിസ്ഥാന ശമ്പളവും അതിനുശേഷമുള്ള ഓരോ വർഷത്തിനും 30 ദിവസത്തെ അടിസ്ഥാന ശമ്പളവുമാണ് കണക്കാക്കുന്നത്. ഒരു വർഷം പൂർത്തിയാക്കിയ ശേഷം അധികമായി ജോലി ചെയ്ത കാലയളവിനും ആനുപാതികമായ ഗ്രാറ്റുവിറ്റി ലഭിക്കും. എന്നാൽ ആകെ ഗ്രാറ്റുവിറ്റി രണ്ട് വർഷത്തെ വേതനത്തിൽ കൂടുതലാകാൻ പാടില്ല.
ഗ്രാറ്റുവിറ്റിക്ക് പുറമെ ഉപയോഗിക്കാത്ത വാർഷിക അവധിയുടെ പണവും ജീവനക്കാരന് ലഭിക്കേണ്ടതാണ്. ഇത് ഗ്രാറ്റുവിറ്റിയുടെ ഭാഗമല്ല, മറിച്ച് പ്രത്യേകമായി നൽകേണ്ട മറ്റൊരു ആനുകൂല്യമാണ്. അതേസമയം, നിയമപരമായ വ്യവസ്ഥകളും നടപടിക്രമങ്ങളും പാലിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരനിൽ നിന്ന് തിരിച്ചുപിടിക്കാനുള്ള വായ്പാ തുക, അധികമായി നൽകിയ ശമ്പളം, അച്ചടക്ക നടപടികളുമായി ബന്ധപ്പെട്ട നിയമപരമായ തുകകൾ, ജീവനക്കാരൻ വരുത്തിയ നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരം എന്നിവ അന്തിമ സെറ്റിൽമെന്റിൽ നിന്ന് കുറയ്ക്കാൻ തൊഴിലുടമയ്ക്ക് സാധിക്കും. ഇത്തരം കിഴിവുകൾ നിയമം അനുവദിക്കുന്ന പരിധിയിലും നടപടിക്രമങ്ങളിലും മാത്രമായിരിക്കണം. അതിനാൽ ഓരോ കിഴിവിന്റെയും കാരണം ജീവനക്കാർ പരിശോധിക്കേണ്ടതുണ്ട്.
അന്തിമ സെറ്റിൽമെന്റ് രേഖകളിൽ ഒപ്പിടുന്നതിന് മുമ്പ് ജീവനക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എംഐഒ ആൻഡ് പാർട്ണേഴ്സിന്റെ മാനേജിംഗ് പാർട്ണർ അഹമ്മദ് ഒഡെ ഗൾഫ് ന്യൂസിനോട് പറഞ്ഞു. ഗ്രാറ്റുവിറ്റി, ഉപയോഗിക്കാത്ത അവധി ദിവസങ്ങളുടെ തുക, മറ്റ് കുടിശ്ശികകൾ, നിയമപരമായ കിഴിവുകൾ എന്നിവ ഉൾപ്പെടുത്തിയ വിശദമായ രേഖാമൂലമുള്ള കണക്കുവിവരങ്ങൾ തൊഴിലുടമയോട് ആവശ്യപ്പെടണം. പണം യഥാർഥത്തിൽ ലഭിക്കുന്നതിന് മുമ്പ് ‘എല്ലാ കുടിശ്ശികകളും ലഭിച്ചു’ എന്ന് സ്ഥിരീകരിക്കുന്ന രേഖകളിലോ ക്ലിയറൻസ് ഫോമുകളിലോ ഒപ്പിടുന്നത് ഒഴിവാക്കണം. തുകയിൽ കുറവുണ്ടെന്ന് തോന്നുന്നുവെങ്കിൽ, അത് സംബന്ധിച്ച അവകാശങ്ങൾ ഉപേക്ഷിക്കാതെ വ്യക്തത തേടുകയും വേണം. അന്തിമ സെറ്റിൽമെന്റ് കൃത്യമായി പരിശോധിച്ചശേഷം മാത്രം നടപടികൾ പൂർത്തിയാക്കുന്നതാണ് ജീവനക്കാർക്ക് സുരക്ഷിതം.

No comments:
Post a Comment