കസ്റ്റംസ് നിയമങ്ങൾ പാലിക്കണം; ലംഘിച്ചാൽ പിഴ, തടവ്, നാടുകടത്തൽ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരും
ദുബൈ: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർ ലഗേജ് തയ്യാറാക്കുമ്പോൾ കസ്റ്റംസ് നിയമങ്ങളും നിരോധിത വസ്തുക്കളുടെ പട്ടികയും കൃത്യമായി പരിശോധിക്കണമെന്ന് ഇന്ത്യൻ എംബസിയും കോൺസുലേറ്റും മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ സാധാരണയായി ഉപയോഗിക്കുന്നതും നിയമപരമായി ലഭിക്കുന്നതുമായ ചില ഉൽപ്പന്നങ്ങൾ യുഎഇയിൽ നിരോധിക്കുകയോ നിയന്ത്രണങ്ങൾക്ക് വിധേയമാക്കുകയോ ചെയ്തിട്ടുണ്ട്.
കറുപ്പ് കസകസ് (Poppy Seeds), ഖാറ്റ് ഇലകൾ, വെറ്റില, അടയ്ക്ക, ഗുഡ്ക, നിസ്വാർ തുടങ്ങിയ പായ്ക്ക് ചെയ്ത പുകയില ഉൽപ്പന്നങ്ങൾ എന്നിവ യുഎഇയിലേക്ക് കൊണ്ടുവരുന്നത് പൂർണമായും നിരോധിച്ചിട്ടുണ്ട്. ചെറിയ അളവിൽ കൈവശം വെച്ചാൽ പോലും പിഴ, തടങ്കൽ, നാടുകടത്തൽ തുടങ്ങിയ നടപടികൾ നേരിടേണ്ടിവരും. ഉറക്കഗുളികകൾ, ശക്തമായ വേദനസംഹാരികൾ, നിയന്ത്രിത ലഹരിമരുന്ന് ഘടകങ്ങൾ അടങ്ങിയ മരുന്നുകൾ എന്നിവ കൊണ്ടുവരുന്നവർ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റിന്റെ (EDE) വെബ്സൈറ്റ് വഴി മുൻകൂട്ടി സൗജന്യ ഇറക്കുമതി പെർമിറ്റ് നേടുകയും ഡോക്ടറുടെ കുറിപ്പടി കൈവശം സൂക്ഷിക്കുകയും വേണം.
60,000 ദിർഹത്തിന് മുകളിൽ മൂല്യമുള്ള പണം, സ്വർണം, ചെക്കുകൾ എന്നിവ കൈവശമുള്ളവർ വിമാനത്താവളത്തിൽ കസ്റ്റംസ് ഡിക്ലറേഷൻ നടത്തണം. കൂടാതെ, ഉള്ളടക്കം കൃത്യമായി അറിയാത്ത മറ്റുള്ളവരുടെ ബാഗുകളോ ലഗേജുകളോ ഏറ്റുവാങ്ങി കൊണ്ടുവരരുതെന്നും എംബസി പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും നിർദേശം നൽകി. യാത്രയ്ക്കിടെ നിയമപ്രശ്നങ്ങൾ ഒഴിവാക്കാൻ ഈ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.

No comments:
Post a Comment