കെ.ജി 1 മുതൽ ഗ്രേഡ് 2 വരെ ഹോംവർക്ക് ഒഴിവാക്കി | ഗ്രേഡ് 6 വരെ പ്രധാന വിഷയങ്ങളിൽ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കും
അബുദബി: 2026-27 അധ്യയന വർഷം മുതൽ യു.എ.ഇയിലെ വിദ്യാലയങ്ങളിൽ പഠനരീതിയിൽ സുപ്രധാന മാറ്റങ്ങൾ. ആഗസ്റ്റ് 31ന് ആരംഭിക്കുന്ന പുതിയ അധ്യയന വർഷം മുതൽ കെ.ജി 1 മുതൽ ഗ്രേഡ് 2 വരെയുള്ള വിദ്യാർഥികൾക്ക് ഹോംവർക്ക് നൽകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സാറ യൂസുഫ് അൽ അമീരി അറിയിച്ചു. പൊതുവിദ്യാലയങ്ങൾക്കും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വകാര്യ സ്കൂളുകൾക്കും തീരുമാനം ബാധകമാണ്. വീട്ടുപാഠങ്ങളുടെയും വർക്ക്‌ഷീറ്റുകളുടെയും സമ്മർദം ഒഴിവാക്കി കുട്ടികളിൽ വായനാശീലം വളർത്തുക, ചിന്താശേഷിയും ഭാഷാപരമായ കഴിവുകളും മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം. കുട്ടികൾക്ക് കൂടുതൽ സമയം കളിക്കാനും കുടുംബത്തോടൊപ്പം ചെലവഴിക്കാനും ഇതിലൂടെ അവസരം ലഭിക്കും.
അതേസമയം, ക്ലാസ് മുറികളിലെ സ്ക്രീൻ സമയത്തിനും നിയന്ത്രണം ഏർപ്പെടുത്തും. ഗ്രേഡ് 6 വരെയുള്ള വിദ്യാർഥികൾക്ക് അറബിക്, ഇംഗ്ലീഷ്, ഗണിതം, സയൻസ് തുടങ്ങിയ പ്രധാന വിഷയങ്ങളിൽ ടാബ്‌ലെറ്റ്, ലാപ്‌ടോപ്പ് തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കും. പകരം പുസ്തകങ്ങളും പേനയും ഉപയോഗിച്ചുള്ള പഠനത്തിന് കൂടുതൽ പ്രാധാന്യം നൽകും. ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് കുട്ടികളുടെ ശ്രദ്ധ വർധിപ്പിക്കാനും പഠനനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
എന്നാൽ വിദ്യാഭ്യാസ രംഗത്ത് സാങ്കേതികവിദ്യ പൂർണമായി ഒഴിവാക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. കമ്പ്യൂട്ടർ സയൻസ്, എ.ഐ തുടങ്ങിയ വിഷയങ്ങളിൽ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം തുടരും. കുട്ടികളുടെ പഠനത്തോടൊപ്പം ശ്രദ്ധ, പെരുമാറ്റം, പ്രായോഗിക അറിവ്, നൈപുണ്യ വികസനം എന്നിവയ്ക്കും കൂടുതൽ പ്രാധാന്യം നൽകുകയാണ് പുതിയ പരിഷ്കാരങ്ങളുടെ ലക്ഷ്യം. പുസ്തകപഠനത്തിനൊപ്പം കുട്ടികളുടെ സ്വാഭാവിക വളർച്ചയും പ്രായോഗിക കഴിവുകളും ഉറപ്പാക്കുന്ന വിദ്യാഭ്യാസരീതിയിലേക്കുള്ള മാറ്റമായാണ് പുതിയ നടപടികളെ മന്ത്രാലയം കാണുന്നത്.
.jpeg)
ليست هناك تعليقات:
إرسال تعليق