മവാഖിഫ്, ദർബ്, പാർക്കിൻ സേവനങ്ങൾ കൂടുതൽ സ്മാർട്ടാകും
അബൂദബി/ദുബൈ:അബൂദബിയിലെയും ദുബൈയിലെയും പാർക്കിങ് സേവനങ്ങളും ഫീസ് അടയ്ക്കുന്നതിനുള്ള ഡിജിറ്റൽ സംവിധാനങ്ങളും സംയോജിപ്പിക്കാൻ ധാരണ. അബൂദബിയിലെ പാർക്കിങ് സേവനങ്ങൾ നിയന്ത്രിക്കുന്ന ക്യൂമൊബിലിറ്റിയും ദുബൈയിലെ പൊതു പാർക്കിങ് ഏജൻസിയായ പാർക്കിനും ഇതുസംബന്ധിച്ച് തന്ത്രപ്രധാന ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇതോടെ ഇരു എമിറേറ്റുകളിലെയും വാഹന ഉടമകൾക്ക് ഭാവിയിൽ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ പാർക്കിങ് സേവനങ്ങൾ ഉപയോഗിക്കാനും ഫീസ് അടയ്ക്കാനും സാധിക്കും.
നിലവിൽ അബൂദബിയിലെ മവാഖിഫ്, ദർബ് സംവിധാനങ്ങൾ ക്യൂമൊബിലിറ്റിയുടെ കീഴിലും ദുബൈയിലെ രണ്ട് ലക്ഷത്തിലധികം പൊതു പാർക്കിങ് കേന്ദ്രങ്ങൾ പാർക്കിന്റെ കീഴിലുമാണ് പ്രവർത്തിക്കുന്നത്. സംയോജനത്തിന്റെ ആദ്യഘട്ടത്തിൽ നിർമിതബുദ്ധിയും ഡാറ്റാ അനലിറ്റിക്സും ഉപയോഗിച്ചുള്ള പൈലറ്റ് പദ്ധതികൾ നടപ്പാക്കും. പാർക്കിങ് സ്ഥലങ്ങളുടെ ലഭ്യത, ആവശ്യകത മുൻകൂട്ടി മനസ്സിലാക്കൽ, നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പരമാവധി പ്രയോജനപ്പെടുത്തൽ തുടങ്ങിയവ ഇതിലൂടെ ഏകോപിപ്പിക്കും. സാങ്കേതിക വിവരങ്ങളും ഡാറ്റകളും പങ്കുവെക്കുന്നത് യു.എ.ഇയിലെ നിലവിലുള്ള ഡാറ്റാ സംരക്ഷണ നിയമങ്ങൾ പൂർണമായി പാലിച്ചായിരിക്കും.
ഡിജിറ്റൽ സംയോജനത്തിനുള്ള സംയുക്ത റോഡ്മാപ്പ് തയ്യാറാക്കിവരുന്നതിനാൽ നിലവിലെ സംവിധാനങ്ങളിൽ ഉടൻ മാറ്റമുണ്ടാകില്ല. വാഹന ഉടമകൾക്ക് നിലവിലുള്ള രീതിയിൽ തന്നെ പാർക്കിങ് സേവനങ്ങൾ ഉപയോഗിക്കാം. ഏകീകൃത ആപ്പ് സംവിധാനം എപ്പോൾ ആരംഭിക്കുമെന്ന തീയതി ഇരു കമ്പനികളും ഉടൻ പ്രഖ്യാപിക്കും. അബൂദബിക്കും ദുബൈക്കും ഇടയിൽ കൂടുതൽ സുഗമവും സ്മാർട്ടുമായ ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമാണ് ഈ പങ്കാളിത്തമെന്ന് ക്യൂമൊബിലിറ്റി സി.ഇ.ഒ മുഹമ്മദ് ഹുസൈൻ കർമസ്താജി പറഞ്ഞു. പാർക്കിങ് മേഖലയെ കൂടുതൽ നവീനവും സുസ്ഥിരവുമാക്കാൻ കരാർ സഹായിക്കുമെന്ന് പാർക്കിൻ സി.ഇ.ഒ എൻജിനീയർ മുഹമ്മദ് അബ്ദുല്ല അൽ അലിയും വ്യക്തമാക്കി.
ليست هناك تعليقات:
إرسال تعليق