ഓൺപാസീവ് സ്റ്റേഷന് ഇനി ‘ഗാർമിൻ മെട്രോ സ്റ്റേഷൻ’; 10 വർഷത്തെ കരാറുമായി ആർടിഎ

ദുബായ് മെട്രോ റെഡ് ലൈനിലെ സ്റ്റേഷന് രാജ്യാന്തര സാങ്കേതികവിദ്യാ ബ്രാൻഡിന്റെ പേര് നൽകുന്നത് ആദ്യമായി

ദുബായ് : ദുബായ് മെട്രോ റെഡ് ലൈനിലെ ഓൺപാസീവ് സ്റ്റേഷന് ഇനി ‘ഗാർമിൻ മെട്രോ സ്റ്റേഷൻ’ എന്നായിരിക്കും പേര്. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ആഗോള സാങ്കേതികവിദ്യാ ബ്രാൻഡായ ഗാർമിനുമായി 10 വർഷത്തെ കരാറിൽ ഒപ്പുവച്ചു. ഗാർമിന്റെ യുഎഇ വിതരണക്കാരായ അമിത് റീട്ടെയിൽ വഴിയാണ് കരാർ നടപ്പാക്കുന്നത്. പരസ്യ മേഖലയിലെ പ്രമുഖ കമ്പനികളായ മദാ മീഡിയയും ഹൈപ്പർമീഡിയയും ചേർന്നാണ് കരാർ നടപടികൾ ഏകോപിപ്പിച്ചത്. ദുബായ് മെട്രോ സ്റ്റേഷൻ നാമകരണ പദ്ധതിയുടെ ഭാഗമാകുന്ന ആദ്യ പ്രമുഖ രാജ്യാന്തര സാങ്കേതികവിദ്യാ ബ്രാൻഡാണ് ഗാർമിൻ എന്ന് ആർടിഎ അറിയിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്താനും സാമ്പത്തിക വളർച്ചയ്ക്ക് പിന്തുണ നൽകാനും ഇത്തരം കരാറുകൾ സഹായിക്കുമെന്ന് ആർടിഎ റെയിൽ ഏജൻസി സിഇഒ അബ്ദുൽ മൊഹ്സെൻ കൽബത്ത് പറഞ്ഞു.


അൽ ഖൂസിനും അൽ സഫയ്ക്കും ഇടയിലുള്ള ഈ സ്റ്റേഷൻ 2010ൽ ‘നൂറുൽ ബാങ്ക് സ്റ്റേഷൻ’ എന്ന പേരിലാണ് പ്രവർത്തനം ആരംഭിച്ചത്. 2020 നവംബറിൽ ‘അൽ സഫ സ്റ്റേഷൻ’ എന്ന് പുനർനാമകരണം ചെയ്തു. തുടർന്ന് 2023 ജനുവരിയിൽ എഐ കമ്പനിയായ ഓൺപാസീവിന്റെ പേര് സ്റ്റേഷന് നൽകുകയായിരുന്നു. ഇപ്പോഴാണ് വീണ്ടും പേര് മാറ്റി ‘ഗാർമിൻ മെട്രോ സ്റ്റേഷൻ’ ആക്കുന്നത്.


പേരുമാറ്റത്തിന്റെ ഭാഗമായി മെട്രോ ശൃംഖലയിലെ സ്റ്റേഷൻ ബോർഡുകൾ, ഡിജിറ്റൽ സംവിധാനങ്ങൾ, പൊതുഗതാഗത ആപ്പുകൾ, യാത്രക്കാർക്കുള്ള അനൗൺസ്മെന്റുകൾ എന്നിവ സെപ്റ്റംബർ മുതൽ നവംബർ അവസാനം വരെ ഘട്ടംഘട്ടമായി മാറ്റും. ഈ മാറ്റങ്ങളോട് യാത്രക്കാർ സഹകരിക്കണമെന്ന് ആർടിഎ അഭ്യർഥിച്ചു. പേരുമാറ്റവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും സഹായത്തിനുമായി മെട്രോ സ്റ്റേഷനുകളിൽ ആർടിഎ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.


ليست هناك تعليقات:

إرسال تعليق