യുഎഇയോടുള്ള സ്‌നേഹ പ്രകടനം വ്യത്യസ്തമാക്കി പ്രവാസി മലയാളി; ഈ നേട്ടം കൈവരിക്കാന്‍ എക്‌സ്‌പോ കയറിയിറങ്ങിയത് 50 തവണ

ദുബായ്: യുഎഇയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ വ്യത്യസ്ത വഴി സ്വീകരിച്ച് പ്രവാസി മലയാളി. ദുബായ് എക്‌സ്‌പോയിലെത്തിയ മുഴുവന്‍ രാജ്യങ്ങളുടെ മുദ്രകള്‍ അവിസ്മരണീയമാക്കിയാണ് ഈ മലയാളി വ്യത്യസ്തനാകുന്നത്. പ്രവാസം മൂന്ന് പതിറ്റാണ്ട് താണ്ടിയ തിരുവനന്തപുരം വക്കം സ്വദേശി ഷാനവാസ് ആണത്. ഷാനവാസിന് ഈ രാജ്യം ജീവാമൃതം പോലെയാണ്. ഇവിടുത്തെ ഭരണാധികാരികളും ആഘോഷങ്ങളും ആഹ്ലാദങ്ങളും ഷാനവാസിന്റെ കൂടി സന്തോഷമാണ്.
അന്‍പതിലധികം തവണ എക്‌സ്‌പോ സന്ദര്‍ശിച്ചാണു തന്റെ എക്‌സ്‌പോ ദൗത്യം പൂര്‍ത്തിയാക്കിയത്. നിരന്തരമായ സന്ദര്‍ശനത്തില്‍ രണ്ട് എക്‌സ്‌പോ പാസ്പാര്‍ട്ടുകളിലും രാജ്യങ്ങളുടെയും പവിലിയനുകളുടെയും മുദ്ര നിറഞ്ഞപ്പോള്‍ ഷാനവാസ് മറ്റൊരു വഴി ആലോചിച്ചു. എല്ലാ രാജ്യക്കാരുടെയും ദേശ ചിഹ്നങ്ങളെ ഒരു തുണിയില്‍ പതിപ്പിച്ചു അതിനു സവിശേഷ രൂപം നല്‍കി. പിന്നീട് ഈ തുണി ഫ്രയിം ചെയ്ത് വലിയ ഒരു ബോര്‍ഡാക്കി മാറ്റി. എക്‌സ്‌പോയില്‍ 192 രാജ്യങ്ങളുടെ പവിലിയനുണ്ട്. കൂടാതെ മുപ്പതിലധികം രാജ്യങ്ങളുടെ സ്റ്റാളുകളും റസ്റ്ററന്റുകളും വേറെയുമുണ്ടെന്നു എക്‌സ്‌പോ നഗരി അരിച്ചുപെറുക്കിയ ഷാനവാസിനറിയാം. ഇപ്പോള്‍ കൈവശമുള്ള ബോര്‍ഡില്‍ 233 സ്റ്റാമ്പുകള്‍ പതിഞ്ഞതു അതിനു തെളിവാണ്.
നാലു മാസത്തോടടുക്കുന്ന മേള ഓരോ ദിവസവും വൈവിധ്യങ്ങള്‍ കൊണ്ട് വിപുലമാക്കുകയാണ് സംഘാടകര്‍. എക്‌സ്‌പോയുടെ പുരോഗതിയും പരിപാടികളും സാകൂതം ശ്രദ്ധിച്ചാണ് ഷാനവാസ് എങ്ങനെ വ്യത്യസ്തനാകണം എന്നു തീരുമാനിക്കുന്നത്.

യുഎഇ ഭരണാധികാരികളുടെ മാര്‍ക്കറ്റില്‍ ഇറങ്ങിയ എല്ലാ ലാപ്പല്‍ പിന്നുകളും ഫലകങ്ങളും ഷാനവാസിന്റെ ശേഖരത്തിലുണ്ട്. ഇതുവരെ ലഭിക്കാത്ത മുദ്രകള്‍ എക്‌സ്‌പോയിലെത്തിയ രാജ്യങ്ങളുടെ പ്രതിനിധികളില്‍ നിന്നാണ് സ്വരൂപിച്ചത്. ഇപ്പോള്‍ ഇവയുടെ എണ്ണം 500 കടന്നിരിക്കുന്നു. വിവിധ രാജ്യങ്ങളുടെ സ്റ്റാംപ് സമാഹരണവും വിനോദമാണ്. ഷാനവാസിന്റെ താമസയിടം ഒരു വേള സന്ദര്‍ശിക്കുന്നവര്‍ക്ക് ലോക രാജ്യങ്ങളെയും നേതാക്കളെയും കുറിച്ച് ഏകദേശ ധാരണ ലഭിക്കും. അപൂര്‍വവും അമൂല്യവുമായ എക്‌സ്‌പോ ഒരിക്കലും മറക്കാനാകാത്ത അനുഭവമാക്കിയതിന്റെ നിര്‍വൃതിയിലാണ് ചരിത്രത്തെയും വ്യത്യസ്ത സംസ്‌കാരത്തെയും ഗാഢമായി പ്രണയിക്കുന്ന ഈ പ്രവാസി. 33 വര്‍ഷമായി യുഎഇയിലുള്ള ഷാനവാസിനു മൂന്ന് മക്കളുണ്ട്. ആദം, ആലിയ, ആരിഫ്. റുഖിയയാണ് ഭാര്യ. ആദം ദുബായില്‍ ജോലി ചെയ്യുന്നു. മറ്റു രണ്ടു പേരും നാട്ടില്‍ വിദ്യാര്‍ഥികളാണ്.
ദുബായ് മലേഷ്യന്‍ കോണ്‍സിലേറ്റില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം 2015ല്‍ മിലാനില്‍ വച്ച് എക്‌സ്‌പോ നടന്നപ്പോള്‍ തന്നെ ദുബായ് എക്‌സ്‌പോ വ്യക്തിപരമായി വ്യത്യസ്തമാക്കാന്‍ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്ന് പറയുന്നു. ‘ഗ്ലോബല്‍ ഗോള്‍സ് വാരാചരണ’ത്തിന്റെ ഭാഗമായി നടക്കുന്ന രാജ്യാന്തര പരിപാടിയില്‍ 19 മുദ്രകള്‍ കൂടി ലഭിക്കാനുള്ള സാധ്യതയുള്ളതിനാല്‍ അതു സന്ദര്‍ശിച്ച് സമാഹരിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ ഷാനവാസ്.

ليست هناك تعليقات:

إرسال تعليق