എയർ ബബിൾ കരാർ പ്രകാരം സൗദിയിലേക്ക് വിമാന സർവീസുകൾ എന്ന് പുനരാരംഭിക്കും? ടിക്കറ്റ് നിരക്ക് കുറയുമോ ? ആകാംക്ഷയോടെ പ്രവാസികൾ

സൗദി: ജനുവരി 1 മുതൽ ഇന്ത്യ-സൗദി എയർ ബബിൾ കരാർ നിലവിൽ വന്നതോടെ കരാർ പ്രകാരമുള്ള വിമാന സർവീസുകൾ എന്ന് മുതലായിരിക്കും ആരംഭിക്കുക എന്ന ചോദ്യം നരവധി പ്രവാസികൾ ഉന്നയിക്കുന്നുണ്ട്.

കരാർ പ്രാബല്യത്തിൽ വന്നിട്ടുണ്ടെങ്കിലും ഇത് വരെ വിമാന സർവീസുകൾ ആരംഭിക്കുന്നത് സംബന്ധിച്ചോ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത് സംബന്ധിച്ചോ വാർത്തകൾ കാണാത്തതും ഇത് സംബന്ധിച്ച് ചോദ്യങ്ങൾ ഉയരാൻ കാരണമായിട്ടുണ്ട്.

എയർ ഇന്ത്യയുടെ ടിക്കറ്റ് ബുക്കിംഗ് കഴിഞ്ഞ ദിവസം സിസ്റ്റത്തിൽ കാണിച്ചിരുന്നെങ്കിലും സർവീസ് തുടങ്ങുന്നത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനമോ പ്രഖ്യാപനമോ ഇത് വരെ വന്നിട്ടില്ല.

അത് പോലെ സൗദിയ അടക്കം മറ്റു എയർലൈനുകളും സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇത് വരെ അറിയിപ്പൊന്നും നൽകിയിട്ടില്ല.

ഈ മാസം 13 നു ശേഷം മാത്രമേ എയർ ബബിൾ കരാർ പ്രകാരം സർവീസുകൾ ആരംഭിക്കാൻ സാധ്യതയുള്ളൂ എന്നാണ് ഇത് സംബന്ധിച്ച് ഗൾഫ് മലയാളി നടത്തിയ അന്വേഷണത്തിനു ജൗഫ് ട്രാവൽസ് എ ആർ നഗർ എം ഡി സ്വാലിഹ് സൂചന നൽകിയത്. ജനുവരി 10 നു മുംബ് ഉണ്ടാകുമെന്ന സൂചനയും മറ്റു ചില ട്രാവൽ ഏജൻസികൾ അറിയിച്ചിട്ടുണ്ട്.
 
അതിനു മുമ്പ് തന്നെ സർവീസുകൾ ആരംഭിക്കുകയാണെങ്കിൽ അത് പ്രവാസികൾക്ക് ഉപകാരപ്പെട്ടേക്കും. അത് വരെ ചാർട്ടേഡ് വിമാന സർവീസുകളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ.

എയർ ബബിൾ കരാർ പ്രകാരം സർവീസുകൾ ആരംഭിച്ചാൽ ടിക്കറ്റ് നിരക്കിൽ വലിയ കുറവ് ഉണ്ടാകുമോ എന്ന ചോദ്യവും പലരും ഉന്നയിക്കുന്നുണ്ട്.

തുടക്കത്തിൽ ടിക്കറ്റ് നിരക്കിൽ വലിയ കുറവ് പ്രതീക്ഷിക്കാൻ സാധിക്കില്ല എന്നാണു ട്രാവൽ മേഖലയിലുള്ള ചിലർ പറയുന്നത്. എങ്കിലും കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്കുകൾ കുറയുമെന്ന് തന്നെയാണു പ്രതീക്ഷ.

ഏതായാലും സർവീസ് ആരംഭിക്കുന്ന കൃത്യമായ ഒരു ഡേറ്റ് സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്കിടയിലും സമീപ ദിനങ്ങളിൽ തന്നെ സർവീസുകൾ പുനരാരംഭിച്ചേക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണു പ്രവാസികളുള്ളത്.

No comments:

Post a Comment