ഫ്രീസോൺ കമ്പനികൾക്ക് മറ്റിടങ്ങളിലും പ്രവർത്തിക്കാം

» പുതിയ പെർമിറ്റ് സംവിധാനം പ്രഖ്യാപിച്ച് ദുബൈ

ദുബൈ: എമിറേറ്റിലെ ഫ്രീസോണുകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രധാന മേഖലകളിലേക്കും വാണിജ്യ പ്രവർത്തനം വ്യാപിപ്പിക്കാൻ അനുമതി നൽകുന്ന പുതിയ പെർമിറ്റ് സംവിധാനം പ്രഖ്യാപിച്ച് സാമ്പത്തിക, ടൂറിസം ഡിപ്പാർട്ട്മെൻ്റ് (ഡി.ഇ.ടി), ചെറുകിട സംരംഭങ്ങൾക്കും ബഹുരാഷ്ട്ര കമ്പനികൾക്കും ഒരുപോലെ വളർച്ച കൈവരിക്കാൻ സഹായകമാവുന്നതാണ് പുതിയ നീക്കം.

ഫ്രീസോൺ കമ്പനികൾക്ക് പ്രവർത്തന പരിധി എളുപ്പത്തിൽ വിപുലീകരിക്കുന്നതിനൊപ്പം ആഭ്യന്തര വ്യാപാരത്തിൽ ഏർപ്പെടാനും സർക്കാറിൻ്റെ കരാറുകൾ നേടാനും പുതിയ പെർമിറ്റിലൂടെ സാധിക്കും. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ സാങ്കേതികവിദ്യ, കൺസൽട്ടൻസി, ഡിസൈൻ, പ്രഫഷനൽ സേവനങ്ങൾ, വ്യാപാരം എന്നിവയുൾപ്പെടെ നിയന്ത്രണമില്ലാത്ത മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കായിരിക്കും പെർമിറ്റ് നൽകുക. ഭാവിയിൽ നിയന്ത്രണമുള്ള മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും ആറുമാസത്തേക്കായിരിക്കും പെർമിറ്റ് അനുവദിക്കുക. 5,000 ദിർഹമാണ് ഫീസ്. ആറു മാസം കൂടുമ്പോൾ 5000 ദിർഹം അടച്ച് പെർമിറ്റ് പുതുക്കാവുന്നതാണ്. അതേസമയം, മെയിൻലാൻറിൽ പ്രവർത്തിക്കുന്ന ഫ്രീസോൺ കമ്പനികൾക്ക് ഒമ്പത് ശതമാനം കോർപറേറ്റ് നികുതി ബാധകമായിരിക്കും. കൂടാതെ ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്.ടി.എ)യുടെ നിർദേശങ്ങൾ അനുസരിച്ച് പ്രത്യേക സാമ്പത്തിക രേഖകൾ സൂക്ഷിക്കുകയും സുതാര്യത ഉറപ്പു വരുത്തുകയും മാർഗനിർദേശങ്ങൾ പാലിക്കുകയും വേണം. 

പെർമിറ്റ് നേടുന്ന കമ്പനികൾക്ക് പുതിയ ജീവനക്കാരെ നിയമിക്കാതെ നിലവിലെ ജീവനക്കാരെ മെയിൻലാന്റിലും ഉപയോഗിക്കാമെന്ന് ഡി.ഇ.ടി അറിയിച്ചു. ആദ്യ വർഷം 10,000 ഫ്രീസോൺ കമ്പനികൾക്ക് പെർമിറ്റ് നൽകും. ഇതുവഴി മെയിൻലാന്റിലെ ബിസിനസ് പ്രവർത്തനങ്ങൾ 15- 20 ശതമാനം വർധിപ്പിക്കുകയാണ് ലക്ഷ്യം ആഭ്യന്തര വ്യാപാരത്തിൽ നിന്ന് സർക്കാർ കരാറുകൾ വരെ നേടുന്നതിന് വേദിയൊരുക്കുന്നതിനൊപ്പം എമിറേറ്റിലെ ബിസിനസ് പ്രവർത്തനം എളുപ്പമാക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ദുബൈ ബിസിനസ് രജിസ്ട്രേഷൻ ആൻഡ് ലൈസൻസിങ് കോർപറേഷൻ (ഡി.ബി.എൽ.സി) സി.ഇ ഒ അഹമ്മദ് ഖലീഫ അൽഖൈസ് അൽ ഫലാസി പറഞ്ഞു.


No comments:

Post a Comment