മികച്ച തൊഴിലവസരങ്ങൾ ഒരുക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് ദുബായ്

ദുബായ്: കംപ്യൂട്ടര്‍ പ്രോഗ്രാമിങ് രംഗത്തടക്കം മികവു പുലര്‍ത്തുന്നവരെ കണ്ടെത്തി പരിശീലനം നല്‍കുന്നതിനൊപ്പം മികച്ച തൊഴിലവസരങ്ങളും ഒരുക്കുന്ന ‘കോഡേഴ്‌സ് എച്ച്ക്യു’ പദ്ധതിക്കു തുടക്കം. യുഎഇയെ കോഡിങ് വിദഗ്ധരുടെ രാജ്യാന്തര ആസ്ഥാനമാക്കാനും ഡിജിറ്റല്‍ രംഗത്തെ വെല്ലുവിളികള്‍ മറികടന്നു സാങ്കേതിക മുന്നേറ്റത്തിനു വഴിയൊരുക്കാനുമാണ് പദ്ധതിയുടെ ലക്ഷ്യം. യുഎഇയെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെ രാജ്യാന്തര ആസ്ഥാനമാക്കാനായി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് പദ്ധതിക്കു തുടക്കമിട്ടത്. നാഷനല്‍ പ്രോഗ്രാം ഫോര്‍ കോഡേഴ്‌സിന്റെ ആഭിമുഖ്യത്തിലുള്ള വെര്‍ച്വല്‍ പരിപാടിയിലായിരുന്നു പ്രഖ്യാപനം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ഇക്കോണമി മന്ത്രി ഒമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഒലാമ നേതൃത്വം നല്‍കി. 40ല്‍ ഏറെ പ്രാദേശിക-രാജ്യാന്തര കമ്പനികളുടെ പങ്കാളിത്തത്തോടെ പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങില്‍ ഒരു ലക്ഷം വിദഗ്ധരെ സജ്ജമാക്കി 5 വര്‍ഷത്തിനകം 1,000 ഡിജിറ്റല്‍ കമ്പനികള്‍ക്കു തുടക്കമിടാനുള്ള നാഷനല്‍ പ്രോഗ്രാം ഫോര്‍ കോഡേഴ്‌സ് സംരംഭങ്ങളുടെ തുടര്‍ച്ചയാണിത്. ഇതിന്റെ ഭാഗമായി 6 പുതിയ സംരംഭങ്ങള്‍ ഉടന്‍ ആരംഭിക്കും. സ്റ്റാര്‍ട്ടപ്പ് രംഗത്തെ നിക്ഷേപം 150 കോടി ദിര്‍ഹത്തില്‍ നിന്നു 400 കോടിയാക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു.

ليست هناك تعليقات:

إرسال تعليق