യു.എ.ഇ.യിലേക്ക് മടങ്ങുന്നവർക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം

ദുബായ്: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് യു.എ.ഇ.യിലേക്ക് മടങ്ങിയെത്താൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ജൂലായ് ഒന്നുമുതൽ മടങ്ങിവരുന്നവർക്കാണ് നിയമം ബാധകമാവുക. 17 രാജ്യത്തായി 106 നഗരങ്ങളിലുള്ള യു.എ.ഇ. സർക്കാർ അംഗീകരിച്ച ലബോറട്ടറികളിലാകണം പരിശോധന നടത്തേണ്ടത്. യാത്രയ്ക്ക് 72 മണിക്കൂർ മുമ്പെങ്കിലും പരിശോധനനടത്തി ഫലം വിമാനത്താവളങ്ങളിൽ ഹാജരാക്കണം.
കോവിഡ് നെഗറ്റീവ് ടെസ്റ്റ് ഹാജരാക്കാത്തവരെ വിമാനത്തിൽ കയറാൻ അനുവദിക്കില്ല. യു.എ.ഇ. ദേശീയ ദുരന്തനിവാരണ അതോറിറ്റിയും ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പുമാണ് ഇതുസംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. smartservices.ica.gov.ae എന്ന വെബ്‌സൈറ്റിൽ അംഗീകൃത ലബോറട്ടറികളുടെ പട്ടിക ഉൾപ്പെടുത്തിയിട്ടുണ്ട്. ഉടൻതന്നെ കൂടുതൽ രാജ്യങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തും.
ലബോറട്ടറികൾക്ക് ആവശ്യമായ എല്ലാ നിർദേശങ്ങളും യു.എ.ഇ. അധികൃതർ നൽകിയിട്ടുണ്ട്. അതനുസരിച്ച് സമയബന്ധിതമായി പരിശോധനാഫലങ്ങൾ നൽകും. അംഗീകൃത പരിശോധനാകേന്ദ്രങ്ങൾ ഇല്ലാത്ത രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് യു.എ.ഇ. വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന നടത്തും. യു.എ.ഇ.യിൽ എത്തുന്നവർക്ക് 14 ദിവസം ക്വാറന്റീൻ നിർബന്ധമാണ്. മടങ്ങിയെത്തുന്ന എല്ലാവരും യു.എ.ഇ. സർക്കാരിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. ഔദ്യോഗികമായി വിമാനസർവീസ് ആരംഭിച്ച രാജ്യങ്ങളിലെ പ്രവാസികൾക്കാണ് നിലവിൽ തിരിച്ചുവരാനാവുക.

No comments:

Post a Comment