ദുബായ് : യുഎഇയിലെ പൊതു ഇടങ്ങളില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്തവരായിരിക്കണമെന്ന നിബന്ധന നിലവിലുള്ള സാഹചര്യത്തില്‍ അല്‍ ഹുസ്ന്‍ മൊബൈല്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് വളരെ പ്രധാനമാണ്.
ഗ്രീന്‍ സ്റ്റാറ്റസ് ഇല്ലാത്തവര്‍ക്ക് രാജ്യത്തിലെ റെസ്റ്റൊറന്റുകള്‍, മാളുകള്‍, പൊതു ഇടങ്ങള്‍, ഓഫീസുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രവേശന വിലക്കുണ്ട്. യുഎഇയില്‍ നിന്ന് വാക്‌സിന്‍ പൂര്‍ണമായി എടുക്കുന്നതോടെ അല്‍ ഹുസ്ന്‍ ആപ്പില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്യപ്പെടും. എന്നാല്‍ രാജ്യത്തിന് പുറത്തു നിന്ന് വാക്‌സിന്‍ എടുത്തവര്‍ ആപ്പിലെ രജിസ്‌ട്രേഷനു വേണ്ടി എന്താണ് ചെയ്യേണ്ടതെന്ന് പരിശോധിക്കാം.
ഇതിനായി രാജ്യത്തെ പൊതുജനാരോഗ്യ വിഭാഗമായ അബൂദാബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ ഏതാനും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. രാജ്യത്തിന് പുറത്തുനിന്ന് എടുത്ത വാക്‌സിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കിലുള്ള ആദ്യ നിബന്ധന എടുത്ത വാക്‌സിന് യുഎഇ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും ലോകാരോഗ്യ സംഘടനയുടെയും അംഗീകാരം ഉണ്ടായിരിക്കുകയെന്നതാണ്. നിലവില്‍ ഒന്‍പത് വാക്‌സിനുകള്‍ക്കാണ് യുഎഇ അംഗീകാരം നല്‍കിയിരിക്കുന്നത്. ഫൈസര്‍ ബയോണ്‍ടെക്, സിനോഫാം, ഹയാത്ത് വാക്‌സ്, സ്പുട്‌നിക് വി, ഓക്‌സ്‌ഫോഡ് ആസ്ട്രസെനക്ക, മൊഡേണ, കോവിഷീല്‍ഡ്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, സിനോവാക് എന്നിവയാണ് അംഗീകൃത വാക്‌സിനുകള്‍. ഇവയില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ ഒരു ഡോസും മറ്റുള്ളവയുടെ രണ്ട് ഡോസുകളും എടുത്തവര്‍ക്ക് മാത്രമേ അല്‍ ഹുസ്ന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനാവൂ. അതോടൊപ്പം 2020 ഒക്ടോബര്‍ ഒന്നിന് ശേഷം എടുത്തതായിരിക്കണം വാക്‌സിന്‍ എന്ന നിബന്ധനയുമുണ്ട്
അല്‍ ഹുസ്ന്‍ ആപ്പില്‍ രജിസ്‌ട്രേഷനു വേണ്ടി ഉപയോഗിക്കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ആവശ്യമായ എല്ലാ വിവരങ്ങളും ഉണ്ടായിരിക്കണമെന്നതാണ് മറ്റൊരു നിബന്ധന. വാക്‌സിന്‍ എടുത്തയാളുടെ പേര്, എമിറേറ്റ്‌സ് ഐഡി നമ്പറോ പാസ്‌പോര്‍ട്ട് നമ്പറോ പോലുള്ള തിരിച്ചറിയല്‍ രേഖ, സ്വീകരിച്ച വാക്‌സിന്റെ പേര്, ബാച്ച് നമ്പര്‍, വാക്‌സിന്‍ എടുത്ത തീയതി, സ്ഥലം, വാക്‌സിന്‍ എടുത്ത രാജ്യത്തിന്റെ പേര് തുടങ്ങിയ വിവരങ്ങള്‍ നിര്‍ബന്ധമായും സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടായിരിക്കണം. ഇതില്‍ ഏതെങ്കിലും വിവരങ്ങള്‍ ഇല്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനാവില്ല.
അല്‍ ഹുസ്ന്‍ ആപ്പില്‍ ഈ അടിസ്ഥാന വിവരങ്ങളെല്ലാം നല്‍കിയ ശേഷം രാജ്യത്തെ ഏതെങ്കിലും ഔദ്യോഗിക മെഡിക്കല്‍ കേന്ദ്രത്തിലെത്തി മെഡിക്കല്‍ പരിശോധന നടത്തണം. അബൂദാബി ഹെല്‍ത്ത് സര്‍വീസ് കമ്പനിയുടെ സിഹ ക്ലിനിക്കില്‍ ചെന്നോ മുബാദല ഹെല്‍ത്ത്‌കെയര്‍ കേന്ദ്രങ്ങളില്‍ ചെന്നോ ഈ പരിശോധന നിര്‍വഹിക്കാം. ഈ കേന്ദ്രങ്ങള്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന് കൈമാറും. ഇതോടെ അല്‍ ഹുസ്ന്‍ ആപ്പില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യപ്പെടും.
വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അല്‍ ഹുസ്ന്‍ ആപ്പിലെ നിറം പച്ചയായി മാറും. ഈ ഗ്രീന്‍ പാസ് പരിശോധിച്ചാണ് രാജ്യത്തെ പൊതു ഇടങ്ങളില്‍ പ്രവേശനം അനുവദിക്കുക. അതേസമയം, ആപ്പിലെ പച്ചനിറം മാറി ചാര നിറം വരികയാണെങ്കില്‍ അതിനര്‍ഥം നിങ്ങളുടെ ഗ്രീന്‍പാസിന്റെ കാലാവധി കഴിഞ്ഞുവെന്നാണ്. വീണ്ടും ഗ്രീന്‍ പാസ് ലഭിക്കാന്‍ കോവിഡ് പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് റിസല്‍ട്ട് ലഭ്യമാക്കണം. ഫലം നെഗറ്റീവ് ആകുന്നതോടെ ആപ്പ് സ്റ്റാറ്റസ് വീണ്ടും പച്ച നിറത്തിലേക്ക് മാറും. അതേസമയം, അല്‍ ഹുസ്ന്‍ ആപ്പിലെ നിറം ചുവപ്പാണെങ്കില്‍ കോവിഡ് പോസ്റ്റീവ് ആണെന്നാണ് അത് അര്‍ഥമാക്കുന്നത്. പിസിആര്‍ ടെസ്റ്റ് ഫലം പോസിറ്റീവാണെങ്കില്‍ അപ്പോള്‍ തന്നെ ആപ്പ് സ്റ്റാറ്റസ് ചുവപ്പിലേക്ക് മാറും. ഇങ്ങനെ നിറം ചുവപ്പാകുന്നവര്‍ അപ്പോള്‍ തന്നെ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്നത് പ്രകാരം ക്വാറന്റൈനിലേക്ക് മാറുകയും മറ്റ് പരിശോധനാ നടപടികളിലേക്ക് നീങ്ങുകയും ചെയ്യണം.