തണുപ്പുകാലം ആഘോഷമാക്കാൻ മരുഭൂമിയിലെത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

 യുഎഇ:തണുപ്പുകാലം ആഘോഷമാക്കാൻ മലയോര മേഖലകളിലും മരുഭൂമിയിലും എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് . രാത്രി മുഴുവൻ ടെന്റുകളിൽ തങ്ങാനും ഉല്ലാസയാത്ര നടത്താനും മലയാളികളും എത്തുന്നുണ്ട് . റാസൽഖൈമ ജബൽ ജെയ്സ് മലനിരകളാണ് സന്ദർശകരുടെ ഒഴുക്ക് . ഷാർജ ഫോസിൽ റോക്ക് , ദുബായ് അൽ ഖുദ്ര , ഹത്ത , അബുദാബി റുവൈസിലെ ഷിപ്ക് ബീച്ച് എന്നിവയാണ് തിരക്കേറിയ മറ്റു മേഖലകൾ . ടെന്റും ഭക്ഷണവും ഉൾപ്പെടെയുള്ള എല്ലാ ഒരുക്കങ്ങളുമായാണ് ജബൽ ജെയ്സിൽ സന്ദർശകർ എത്തുന്നത് . സമുദ്രോപരിതലത്തിൽ നിന്ന് 1,934 മീറ്റർ ഉയരത്തിലുള്ള മലയിൽ നിന്നാൽ ഉദയാസ്തമയ ദൃശ്യങ്ങൾ കാണാം . ഏറ്റവും കൂടുതൽ തണുപ്പുള്ള മേഖലയാണിവിടം . റാസൽ ഖൈമയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ജബൽ ജെയ്സ് . ഷാർജ നഗരത്തിൽ നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ എത്തുന്ന മലീഹയിലാണ് ഫോസിലറോക്ക് . ഫോസിൽ റോക്ക് , ക്യാമൽ റോക്ക് എന്നിവിടങ്ങളിലെ കാഴ്ചകൾ കണ്ട് ഡെസർട് സഫാരി നടത്താം . വിശാലമായ മണൽപ്പരപ്പും ചുണ്ണാമ്പു പാറകളുമാണ് പ്രത്യേകത . അപൂർവയിനം സസ്യങ്ങളും സസ്തനികളുമുണ്ട് . സൺസെറ്റ് ലോഞ്ച് , നൈറ്റ് ക്യാംപ് , വാനനിരീക്ഷണം എന്നിവയും സന്ദർശകരെ ആകർഷിക്കും .

No comments:

Post a Comment