ബൂസ്റ്റർ ഡോസ് ഇല്ലാത്തത് മൂലം ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെട്ട പ്രവാസികൾക്ക് സൗദിയിലേക്ക് മടങ്ങുന്ന സമയം ക്വാറൻ്റീൻ ആവശ്യമുണ്ടോ; നാട്ടിൽ നിന്ന് ബൂസ്റ്റർ ഡോസ് എപ്പോൾ ലഭിക്കും:വിശദ വിവരങ്ങൾ അറിയാം


സൗദി
:  സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് നാട്ടിൽ നിന്ന് സൗദിയിലേക്ക് പോകുന്ന സമയം സൗദിയിലെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ആവശ്യമില്ല എന്നതാണു നിയമമെങ്കിലും പുതിയ സാഹചര്യത്തിൽ പലരും ക്വാറൻ്റീൻ സംബന്ധിച്ച് സംശയങ്ങൾ ഉന്നയിച്ച് കൊണ്ടിരിക്കുന്നുണ്ട്.

സെക്കൻഡ് ഡോസ് സ്വീകരിച്ച് എട്ട് മാസം പിന്നീട്ടവർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചില്ലെങ്കിൽ തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെടുമെന്ന നിയമം പ്രാബല്യത്തിൽ വന്നതോടെയാണു പല പ്രവാസികളും സൗദി ക്വാറൻ്റീൻ സംബന്ധിച്ച് സംശയങ്ങൾ ഉന്നയിച്ച് ഗൾഫ് മലയാളിയുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നത്.

സൗദിയിൽ നിന്ന് സെക്കൻഡ് ഡോസ് സ്വീകരിച്ച ശേഷം എട്ട് മാസം പിന്നിട്ട പല പ്രവാസി സുഹൃത്തുക്കളുടെയും ഇമ്യൂൺ സ്റ്റാറ്റസ് ഇതിനകം നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിൽ പലരും നാട്ടിൽ അവധിയിലുള്ളവരും ഉണ്ട്.


ഇങ്ങനെ സൗദിയിൽ നിന്ന് രണ്ട് ഡോസ് സ്വീകരിച്ച ഒരാളുടെ ഇമ്യൂൺ സ്റ്റാറ്റസ്, സെക്കൻഡ് ഡോസ് സ്വീകരിച്ചതിനു ശേഷം എട്ട് മാസം പിന്നിടുകയും ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ സാധിക്കാതെ വരികയും ചെയ്തതിനാൽ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അയാൾ സൗദിയിലേക്ക് മടങ്ങുന്ന സമയം സൗദിയിലെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ആവശ്യമുണ്ടോ എന്നാണു പലർക്കും അറിയാനുള്ളത്.

 ഇത് സംബന്ധിച്ച് ‘ ഗൾഫ് മലയാളി’ വിവിധ ട്രാവൽ ഏജൻസികളുമായി ബന്ധപ്പെട്ടപ്പോൾ നിലവിൽ അത്തരക്കാർക്ക് ക്വാറൻ്റീൻ ആവശ്യമില്ലെന്ന മറുപടിയാണു ലഭിച്ചിട്ടുള്ളത്. അങ്ങനെ പോകുന്നവർ സ്വിഹതിയിൽ സൗദിയിൽ നിന്ന് രണ്ട് ഡോസ് സ്വീകരിച്ച തെളിവ് കാണിച്ച് കൊടുത്താൽ മാത്രം മതിയാകും. മാത്രമല്ല ബൂസ്റ്റർ ഡോസുമായി ബന്ധപ്പെട്ട് പുതിയ അപ്ഡേഷനൊന്നും സൗദി സിവിൽ ഏവിയേഷൻ പ്രഖ്യാപിച്ചിട്ടും ഇല്ല എന്നതിനാൽ പഴയ നിയമം തന്നെ പിന്തുടരുകയാണു എയർലൈൻ കംബനികൾ ചെയ്യുന്നത്.

അതേ സമയം നാട്ടിൽ നിന്ന് ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ എന്ത് ചെയ്യും എന്ന് പല പ്രവാസി സുഹൃത്തുക്കളും സംശയം ഉന്നയിക്കുന്നുണ്ട്.

നാട്ടിൽ സെക്കൻഡ് ഡോസ് സ്വീകരിച്ച് 9 മാസം പിന്നിട്ടവർക്കാണു ബൂസ്റ്റർ ഡോസ് നൽകുന്നത്. അത് കൊണ്ട് തന്നെ സെക്കൻഡ് ഡോസ് സ്വീകരിച്ച് 9 മാസം പിന്നിട്ടവർ നാട്ടിലുണ്ടെങ്കിൽ ബൂസ്റ്റർ ഡോസിനായി അപേക്ഷിച്ച് വാക്സിൻ സ്വീകരിക്കുകയും സർട്ടിഫിക്കറ്റ് സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ അപ് ലോഡ് ചെയ്ത് തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് നില നിർത്തുകയും ചെയ്യാം.

സൗദിയിൽ നിന്ന് സെക്കൻഡ് ഡോസ് സ്വീകരിച്ച് 3 മാസം പിന്നിട്ടാൽ തന്നെ ബൂസ്റ്റർ ഡോസിനു വേണ്ടി അപേക്ഷിക്കാൻ സാധിക്കുമെന്നതിനാൽ നാട്ടിലേക്ക് വരാനുദ്ദേശിക്കുന്ന പ്രവാസികൾ പരമാവധി ബൂസ്റ്റർ ഡോസ് സൗദിയിൽ നിന്ന് തന്നെ സ്വീകരിക്കാൻ ശ്രമിക്കുകയാകും ബുദ്ധി.

No comments:

Post a Comment