അബൂദബി: ഗോൾഡൻ വിസ ഉടമകൾക്ക് വിദേശത്ത് പാസ്പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ യു എ ഇയിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കുന്ന 'തിരിച്ചുവരവ് രേഖ' സേവനം സൗജന്യമായി ലഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ രേഖ നൽകാനുള്ള നടപടിക്രമങ്ങൾക്ക് 30 മിനിറ്റ് മാത്രമേ എടുക്കൂ എന്നും മന്ത്രാലയം അറിയിച്ചു. ഇതിന് നാല് ഘട്ടങ്ങൾ പൂർത്തിയാക്കണം.
ഗോൾഡൻ വിസ ഉടമ ഡിജിറ്റൽ ഐ ഡി വഴി വിദേശകാര്യ മന്ത്രാലയത്തിൻ്റെ സ്‌മാർട്ട് ചാനലുകളിലൊന്നിൽ ലോഗിൻ ചെയ്യുക. ഗോൾഡൻ വിസ സേവനങ്ങളുടെ പട്ടികയിൽ നിന്ന് 'തിരിച്ചുവരവ് രേഖ' തിരഞെഞ്ഞെടുത്ത് ആവശ്യപ്പെട്ടതിന്റെ കാരണം തിരഞ്ഞെടുത്തു കൊണ്ട് പ്രക്രിയ ആരംഭിക്കാം. ആവശ്യമായ രേഖകൾ അപ്‌പ്ലോഡ് ചെയ്യുകയും വിവരങ്ങൾ നൽകുകയും വെള്ള പശ്ചാത്തലത്തിലുള്ള പുതിയ വ്യക്തിഗത ഫോട്ടോ സമർപ്പിക്കുകയും ചെയ്താൽ ബന്ധപ്പെട്ട അധികാരികൾ 30 മിനിറ്റിനുള്ളിൽ അപേക്ഷ അവലോകനം ചെയ്യുകയും ഇമെയിൽ വഴി ഉപഭോക്താവിന് 'തിരിച്ചുവരവ് രേഖ' കൈ മാറുകയും ചെയ്യും.
ഈ തിരിച്ചുവരവ് രേഖ രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കുന്നതിന് പറ്റുന്നതല്ല. യു എ ഇയിലേക്ക് മടങ്ങാൻ മാത്രം സാധുതയുള്ളതും ഒരു തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്നതുമാണ്. ഏഴ് ദിവസത്തേക്ക് മാത്രമാണ് സാധുതയുള്ളൂവെന്നും മന്ത്രാലയം പറഞ്ഞു.
വിദേശകാര്യമന്ത്രാലയത്തിന്റെ അറിയിപ്പ് അനുസരിച്ച്, വിദേശത്തുവെച്ച് മരണപ്പെടുന്ന ഗോൾഡൻ വിസ ഉടമയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനും അടക്കം ചെയ്യുന്നതിനും വേണ്ട സേവനം, ബന്ധപ്പെട്ട രാജ്യത്തെ യു എ ഇ എംബസിയുമായോ അല്ലെങ്കിൽ ഗോൾഡൻ വിസ ഉടമകൾക്കായി നൽകിയിട്ടുള്ള 0097124931133 എന്ന നമ്പറുമായോ ബന്ധപ്പെട്ട് ആവശ്യപ്പെടാം. മരിച്ചയാളുടെ പാസ്പോർട്ടിൻ്റെ പകർപ്പ്, മരണ സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട രാജ്യത്തെ അധികാരികൾ നൽകിയ മെഡിക്കൽ അല്ലെങ്കിൽ ഔദ്യോഗിക രേഖകൾ എന്നിവ ഹാജരാക്കണം. മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ഏകോപനത്തിന് എംബസി പിന്തുണ നൽകും.

No comments:
Post a Comment