യുഎഇയിൽ ഇന്ത്യൻ പ്രവാസികളുടെ പാസ്‌പോർട്ട് സേവനങ്ങൾക്കായി 16 കേന്ദ്രങ്ങളൊരുക്കി അൽഹിന്ദ്

അബുദാബി: യുഎഇയിൽ കഴിയുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികൾക്ക് ഇനി പാസ്‌പോർട്ട്, വീസ തുടങ്ങിയ കോൺസുലർ സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാകുന്നു. രാജ്യത്തുടനീളം ആരംഭിക്കുന്ന 16 പുതിയ ഇന്ത്യൻ കോൺസുലർ സർവീസ് കേന്ദ്രങ്ങളുടെ ലൊക്കേഷൻ വിവരങ്ങൾ പുറത്തുവന്നു. പുതിയ സേവനങ്ങൾ ജൂലൈ 1 മുതൽ പൂർണമായും പ്രവർത്തനം ആരംഭിക്കും.

ഇന്ത്യൻ എംബസിയിൽ അബുദാബിയിൽ നടന്ന ചടങ്ങിലാണ് പുതിയ കരാർ ഔദ്യോഗികമായി ഒപ്പുവെച്ചത്. പ്രമുഖ ട്രാവൽ ഗ്രൂപ്പായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിനാണ് ഇനി യുഎഇയിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങളുടെ ചുമതല. ഇതുവരെ സേവനങ്ങൾ കൈകാര്യം ചെയ്തിരുന്ന ബിഎൽഎസ് ഇന്റർനാഷനലിന് പകരമായാണ് അൽഹിന്ദ് ഗ്രൂപ്പ് എത്തുന്നത്.

പാസ്‌പോർട്ട് പുതുക്കൽ, വീസ സേവനങ്ങൾ, അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ഇനി അൽഹിന്ദ് ഗ്രൂപ്പ് വഴിയായിരിക്കും ലഭിക്കുക. യുഎഇയിൽ താമസിക്കുന്ന 43 ലക്ഷത്തിലേറെ ഇന്ത്യൻ പ്രവാസികൾക്കും ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്കും കൂടുതൽ സൗകര്യപ്രദമായി സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കേന്ദ്രങ്ങൾ പ്രധാന സ്ഥലങ്ങളിൽ ആരംഭിക്കുന്നത്.

No comments:

Post a Comment