ദുബായിൽ അടുത്ത അധ്യയനവർഷത്തിലും സ്കൂൾ ഫീസ് വർധനയില്ല; കുടുംബങ്ങൾക്ക് വലിയ ആശ്വാസം

ദുബായ് : അടുത്ത അധ്യയനവർഷത്തിൽ ദുബായിലെ സ്വകാര്യ സ്കൂളുകളിൽ ഫീസ് വർധന ഉണ്ടാകില്ലെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) അറിയിച്ചു. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ Sheikh Hamdan bin Mohammed bin Rashid Al Maktoum നൽകിയ നിർദേശപ്രകാരമാണ് തീരുമാനം. പ്രവാസി മലയാളി കുടുംബങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് രക്ഷിതാക്കൾക്ക് ഇത് വലിയ ആശ്വാസമാകുമെന്ന് വിലയിരുത്തുന്നു.

കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുകയും വിദ്യാഭ്യാസ മേഖലയിലെ നിലനിൽപ്പ് ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായാണ് സർക്കാർ ഫീസ് വർധന ഒഴിവാക്കാൻ തീരുമാനിച്ചത്. സ്വകാര്യ സ്കൂളുകൾക്കും നഴ്സറികൾക്കും വിവിധ ഇളവുകളും പിന്തുണയും നൽകുന്ന നടപടികളാണ് ഇതോടൊപ്പം നടപ്പാക്കുന്നത്.

വിദ്യാഭ്യാസം ഉൾപ്പെടെയുള്ള പ്രധാന മേഖലകൾക്ക് കരുത്തേകാൻ പ്രഖ്യാപിച്ച 150 കോടി ദിർഹത്തിന്റെ രണ്ടാം സാമ്പത്തിക പാക്കേജിന്റെ ഭാഗമായാണ് ഈ നടപടി. മൂന്ന് മുതൽ പന്ത്രണ്ട് മാസത്തിനുള്ളിൽ നടപ്പാക്കുന്ന 33 പദ്ധതികളാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക രംഗത്തിന് ഉണർവേകുന്നതിനൊപ്പം വിവിധ മേഖലകളിലെ തൊഴിൽ സുരക്ഷയ്ക്കും ഇത് സഹായകരമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

No comments:

Post a Comment