ദുബൈ: വാടകച്ചെലവ് കുറയ്ക്കാൻ ഷെയറിങ് താമസസൗകര്യങ്ങൾ ഉപയോഗിക്കുന്ന പ്രവാസികളെ ബാധിക്കുന്ന പുതിയ നിയമം അടുത്ത മാസം മുതൽ ദുബൈയിൽ പൂർണമായും പ്രാബല്യത്തിൽ വരും. 2026-ലെ ദുബൈ ഗസറ്റ് വിജ്ഞാപനത്തിലെ നിയമ നമ്പർ 4 പ്രകാരമാണ് സബ് കോൺട്രാക്ട് അടിസ്ഥാനത്തിൽ മുറികൾ വാടകയ്ക്ക് നൽകുന്നതും അനധികൃത സബ്‌ലറ്റിങ്ങും അമിത തിരക്കുള്ള ബെഡ്‌സ്‌പേസ് താമസവും നിയന്ത്രിക്കുന്നത്. മാർച്ചിൽ ഗസറ്റിൽ പ്രസിദ്ധീകരിച്ച നിയമം 180 ദിവസത്തെ കാലാവധി പൂർത്തിയാകുന്നതോടെയാണ് നടപ്പാകുന്നത്. താമസക്കാരുടെ സുരക്ഷയും താമസസൗകര്യങ്ങളിലെ ക്രമീകരണവും ഉറപ്പാക്കുകയാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യം. പ്രോപ്പർട്ടി ഉടമകൾ, ലൈസൻസുള്ള ഓപ്പറേറ്റർമാർ, ഷെയറിങ് താമസത്തിനായി അനുവദിച്ച യൂണിറ്റുകളിൽ താമസിക്കുന്നവർ എന്നിവരെയാണ് നിയമം പ്രധാനമായും ബാധിക്കുന്നത്.
പുതിയ നിയമപ്രകാരം, പ്രോപ്പർട്ടി ഉടമയുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ ഒരു വാടകക്കാരനും തന്റെ അപാർട്ട്മെന്റോ അതിലെ മുറികളോ മറ്റൊരാൾക്ക് സബ്‌ലറ്റ് ചെയ്യാനോ കൈമാറാനോ കഴിയില്ല. വാടകക്കരാറിൽ അതിനുള്ള അനുമതി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മാത്രമേ ഇളവ് ലഭിക്കൂ. അനുമതിയില്ലാതെ മുറികൾ മറ്റൊരാൾക്ക് നൽകുന്നത് കരാർ ലംഘനമായി കണക്കാക്കി നിയമനടപടികൾക്ക് ഇടയാക്കും. എന്നാൽ കുടുംബാംഗങ്ങളോടൊപ്പം താമസിക്കുന്നതിനും നിയമാനുസൃതമായി രജിസ്റ്റർ ചെയ്ത താമസക്കാരെ കൂടെ പാർപ്പിക്കുന്നതിനും തടസ്സമില്ല.
അതേസമയം, അനൗദ്യോഗികമായി ബെഡ്‌സ്‌പേസുകളോ മുറികളോ വാടകയ്ക്ക് നൽകുന്നതും ആവശ്യമായ അനുമതിയില്ലാതെ താൽക്കാലിക പാർട്ടീഷനുകൾ നിർമ്മിക്കുന്നതും അനുവദനീയ പരിധിയേക്കാൾ കൂടുതൽ ആളുകളെ ഒരേ യൂണിറ്റിൽ താമസിപ്പിക്കുന്നതും ഇത്തരം താമസസൗകര്യങ്ങൾ നിയമവിരുദ്ധമായി പരസ്യം ചെയ്ത് ആളുകളെ ആകർഷിക്കുന്നതും പൂർണമായും നിരോധിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾക്കെതിരെ ബന്ധപ്പെട്ട അധികാരികൾ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

No comments:
Post a Comment