യു.എ.ഇ വളർന്നെങ്കിലും സായിദിന്റെ മൂല്യങ്ങൾ ഇന്നും രാജ്യത്തിന്റെ അടിത്തറ

ശൈഖ് സായിദിനെ അനുസ്മരിച്ച് ശൈഖ് മുഹമ്മദിന്റെ ഹൃദയസ്പർശിയായ കത്ത്; ‘ദി ലെറ്റേഴ്‌സ്’ പുസ്തകം ഒക്ടോബറിൽ പുറത്തിറങ്ങും

ദുബൈ:യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെ അനുസ്മരിച്ച് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഹൃദയസ്പർശിയായ കത്ത് എഴുതി. തന്റെ ജീവിതത്തിലെ നാല് പതിറ്റാണ്ട് കാലം ഗുരുവും നേതാവും പ്രചോദനവുമായി നിന്ന ശൈഖ് സായിദിനുള്ള ആദരമായാണ് കത്ത്. “യു.എ.ഇ ഇന്ന് ഏറെ വളർന്നു, എങ്കിലും രാജ്യം ഇപ്പോഴും അങ്ങയെപ്പോലെ തന്നെയാണ്” എന്ന് അദ്ദേഹം കുറിച്ചു. പരിമിതമായ വിഭവങ്ങളുള്ള കാലത്ത് സ്കൂളുകളും സർവകലാശാലകളും റോഡുകളും ആശുപത്രികളും നിർമ്മിക്കാൻ ശൈഖ് സായിദ് കാണിച്ച ദൃഢനിശ്ചയവും രാജ്യത്തിന്റെ സമ്പത്ത് ജനങ്ങളുടെ സേവനത്തിനായി ഉപയോഗിക്കണമെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടും കത്തിൽ ഓർമിപ്പിക്കുന്നു.

ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്വാധീനിച്ച നേതാവായിരുന്നു ശൈഖ് സായിദെന്നും വിടപറഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ സാന്നിധ്യം ജനങ്ങളുടെ മനസ്സിൽ നിലനിൽക്കുന്നുവെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. എല്ലാ വെല്ലുവിളികളെയും മറികടന്ന് യു.എ.ഇയുടെ യൂണിയൻ യാഥാർഥ്യമാക്കാൻ ശൈഖ് സായിദിന്റെ ഐക്യബോധത്തിന് കഴിഞ്ഞു. ആ ഐക്യമാണ് ഇന്നും രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയെന്നും അദ്ദേഹം വ്യക്തമാക്കി. നേതൃത്വം എന്നത് ജനങ്ങളെ സേവിക്കാനുള്ള ഉത്തരവാദിത്വമാണെന്നും പുരോഗതിക്കായി മാനുഷിക മൂല്യങ്ങൾ ഒരിക്കലും ഉപേക്ഷിക്കരുതെന്നും ശൈഖ് സായിദിൽ നിന്നാണ് തങ്ങൾ പഠിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ ശക്തമായ രാഷ്ട്രമായി യു.എ.ഇ വളർന്നിട്ടും രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ ശൈഖ് സായിദിന്റെ പൈതൃകത്തിൽ തന്നെ ഉറച്ചുനിൽക്കുകയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ശൈഖ് മുഹമ്മദിന്റെ പുതിയ പുസ്തകമായ ‘ദി ലെറ്റേഴ്‌സ്’ന്റെ അറബിക് പതിപ്പ് ഒക്ടോബർ ഒന്നുമുതൽ യു.എ.ഇയിലെ പ്രമുഖ ലൈഫ്‌സ്റ്റൈൽ പുസ്തകശാലകളിൽ ലഭ്യമാകും. ‘6 സീസൺസ്’ പരമ്പരയുടെ രണ്ടാം ഭാഗമായ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഒക്ടോബർ 15ന് പുറത്തിറങ്ങും. ശൈഖ് സായിദിനുള്ള കത്ത് ഉൾപ്പെടെ വിവിധ പ്രധാനപ്പെട്ട സന്ദേശങ്ങളും ഓർമക്കുറിപ്പുകളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.



No comments:

Post a Comment