വാട്സാപ്പിൽ എന്തും ഫോർവേഡ് ചെയ്യാറുണ്ടോ? വ്യാജവാർത്ത പങ്കുവച്ചാൽ യുഎഇയിൽ തടവും 1 ലക്ഷം ദിർഹം വരെ പിഴയും

ദുബായ്: വാട്സാപ്പ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളിലൂടെ വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ യുഎഇയിൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. നിമിഷങ്ങൾക്കുള്ളിൽ നൂറുകണക്കിന് ആളുകളിലേക്ക് എത്തുന്ന ഒരു സന്ദേശം പോലും സമൂഹത്തിൽ അനാവശ്യ ഭീതിയും പരിഭ്രാന്തിയും സൃഷ്ടിക്കാമെന്ന് അവബോധ വിഭാഗം ഡയറക്ടർ മേജർ സൗദ് അൽ ശൈബ പറഞ്ഞു. ഇത്തരം പ്രവൃത്തികൾക്കെതിരെ യുഎഇ ഫെഡറൽ നിയമപ്രകാരമാണ് നടപടി.

ഉറവിടം പരിശോധിക്കാതെ വിവരങ്ങൾ മറ്റുള്ളവർക്ക് അയയ്ക്കുന്നത് വ്യക്തികളുടെയും സമൂഹത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയാകാമെന്നും പൊലീസ് വ്യക്തമാക്കി. അതിനാൽ ഔദ്യോഗിക സർക്കാർ സ്രോതസ്സുകളെയും അംഗീകൃത വാർത്താമാധ്യമങ്ങളെയും മാത്രം ആശ്രയിക്കണം. സംശയകരമായ ഏതെങ്കിലും സന്ദേശമോ വിവരമോ ലഭിച്ചാൽ ആദ്യം അതിന്റെ ആധികാരികത പരിശോധിക്കണമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യരുതെന്നും പൊലീസ് നിർദേശിച്ചു.



No comments:

Post a Comment