കുട്ടികളിലെ പെരുമാറ്റ മാറ്റങ്ങളും ലഹരി ഉപയോഗത്തിന്റെ ആദ്യകാല ലക്ഷണങ്ങളും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
അബൂദബി:കുട്ടികളെ ലഹരി ഉപയോഗത്തിന്റെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും കുടുംബങ്ങളിൽ ആരോഗ്യകരമായ ആശയവിനിമയം ഉറപ്പാക്കുന്നതിനുമായി മാതാപിതാക്കൾക്ക് ആറ് പ്രധാന നിർദേശങ്ങളുമായി അബൂദബി പോലീസ്. കുട്ടികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങളും ലഹരി ഉപയോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളും കൃത്യമായി തിരിച്ചറിഞ്ഞ് സമയബന്ധിതമായി ഇടപെടണമെന്ന് പോലീസ് നിർദേശിച്ചു.
ലഹരിയുടെ ദോഷങ്ങളെക്കുറിച്ച് കുട്ടികൾക്ക് ശരിയായ അറിവും ബോധവത്കരണവും നൽകുക, അവരുമായി തുറന്നും സൗഹൃദപരമായും സംസാരിക്കുക, ആവശ്യമായ വൈകാരിക പിന്തുണയും കരുതലും നൽകുക എന്നിവയാണ് പ്രധാന നിർദേശങ്ങളിൽ ഉൾപ്പെടുന്നത്. കുട്ടികളുടെ പെരുമാറ്റത്തിന് വ്യക്തമായ അതിർവരമ്പുകൾ നിശ്ചയിക്കുന്നതിനൊപ്പം സ്നേഹവും കരുണയും കാണിക്കണം. ശരിയായ ഉപദേശങ്ങളും മാർഗനിർദേശങ്ങളും നൽകുകയും ഏത് സാഹചര്യത്തിലും കുട്ടികൾക്ക് പിന്തുണ നൽകാൻ കുടുംബാംഗങ്ങൾ തയ്യാറായിരിക്കുകയും വേണമെന്നും പോലീസ് വ്യക്തമാക്കി.
ലഹരി ഉപയോഗം തുടക്കത്തിൽ തന്നെ തിരിച്ചറിയുന്നത് പ്രശ്നം ഗുരുതരമാകുന്നത് തടയാനും ആവശ്യമായ ചികിത്സയിലൂടെ കുട്ടികളെ വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും സഹായിക്കും. കുട്ടികളെ ലഹരിയുടെ പിടിയിൽപ്പെടാതെ സംരക്ഷിക്കുന്നത് കുടുംബത്തിന്റെ സ്ഥിരതയ്ക്കും സമൂഹത്തിന്റെ സുരക്ഷയ്ക്കും ഏറെ പ്രധാനമാണെന്നും പോലീസ് ചൂണ്ടിക്കാട്ടി. സമയബന്ധിതമായ ഇടപെടലുകളും കുടുംബത്തിന്റെ തുടർച്ചയായ പിന്തുണയും ഭാവിതലമുറയെ ലഹരിയിൽ നിന്ന് അകറ്റിനിർത്തുന്നതിൽ നിർണായകമാണെന്നും പോലീസ് ഓർമിപ്പിച്ചു.

No comments:
Post a Comment