മനുഷ്യരുടെ ഇടപെടൽ കുറച്ച് നിർമാണം വേഗത്തിലാക്കാൻ ലക്ഷ്യം; 25-ലധികം കമ്പനികളും ഗവേഷണ സ്ഥാപനങ്ങളും പദ്ധതിയിൽ പങ്കാളികൾ
ദുബൈ: നിർമാണരംഗത്ത് റോബോട്ടിക് സാങ്കേതികവിദ്യയുടെ സാധ്യതകൾ പരീക്ഷിക്കുന്നതിനായി ലോകത്തിലെ ആദ്യത്തെ റോബോട്ടിക് നിർമാണ വില്ല പദ്ധതിക്ക് ദുബൈ മുനിസിപ്പാലിറ്റി തുടക്കമിട്ടു. നിർമാണ ജോലികളിൽ റോബോട്ടുകളെ വ്യാപകമായി ഉപയോഗിക്കുന്നതിലൂടെ നിർമാണ വേഗത വർധിപ്പിക്കാനും ചെലവ് കുറയ്ക്കാനും നിർമാണ സാമഗ്രികളുടെ പാഴാക്കൽ നിയന്ത്രിക്കാനുമാണ് ലക്ഷ്യമിടുന്നത്.
ചുമർ നിർമാണം, കോൺക്രീറ്റ് ത്രീഡി പ്രിന്റിങ്, വെൽഡിങ്, ഡ്രില്ലിങ്, നിർമാണ സാമഗ്രികൾ കൈകാര്യം ചെയ്യൽ തുടങ്ങിയ ജോലികളിൽ റോബോട്ടുകളെ ഉപയോഗിക്കാനാകും. പദ്ധതിയുടെ ഭാഗമായി 25-ലധികം കമ്പനികളും പ്രാദേശിക, അന്തർദേശീയ സർവകലാശാലകളും ഗവേഷണ കേന്ദ്രങ്ങളും സഹകരിക്കുന്നുണ്ട്. നിർമാണമേഖലയിലെ ആധുനിക സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും അവയുടെ പ്രായോഗിക സാധ്യതകൾ പരിശോധിക്കുകയും ചെയ്യുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.
പദ്ധതി ഒരു വില്ലയുടെ നിർമാണത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ഭാവിയിലെ റോബോട്ടിക് നിർമാണ രീതികൾ പരീക്ഷിക്കാനും കൂടുതൽ കാര്യക്ഷമമായ സംവിധാനങ്ങൾ വികസിപ്പിക്കാനുമുള്ള പരീക്ഷണശാലയായും ഇതിനെ വിഭാവനം ചെയ്യുന്നു. ലെയേർഡ് കോൺക്രീറ്റ് ഘടനകൾ, വലിയ ഗ്ലാസ് ജനലുകൾ, പൂന്തോട്ടം എന്നിവയുൾപ്പെടുന്ന ആധുനിക വില്ലകളുടെ ത്രീഡി ദൃശ്യങ്ങളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.

No comments:
Post a Comment