ഏജന്റിക് എ.ഐയുടെ സഹായത്തോടെ വിവിധ സേവനങ്ങൾ ഒരുമിച്ച് പൂർത്തിയാക്കാം
ദുബൈ: ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർ.ടി.എ) വെർച്വൽ അസിസ്റ്റന്റായ ‘മഹബൂബ്’ കൂടുതൽ മികച്ച സേവനങ്ങൾ നൽകുന്നതിനായി നവീകരിക്കുന്നു. ആർ.ടി.എയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ട്രാറ്റജി 2030ന്റെ ഭാഗമായി ഏജന്റിക് എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മഹബൂബിനെ കൂടുതൽ സ്മാർട്ടാക്കുന്നത്. ഉപഭോക്താക്കൾക്ക് ഒരു സംഭാഷണത്തിലൂടെ തന്നെ ആവശ്യമായ സേവനങ്ങൾ പൂർത്തിയാക്കാനും ഇടപാടുകൾ കൂടുതൽ ലളിതമാക്കാനും പുതിയ സംവിധാനം സഹായിക്കും.
വിവിധ സേവനങ്ങൾ തമ്മിൽ സ്വയം ബന്ധിപ്പിച്ച് ആവശ്യാനുസരണം തുടർച്ചയായി പൂർത്തിയാക്കാൻ ഏജന്റിക് എ.ഐക്ക് കഴിയും. ഉദാഹരണത്തിന്, വാഹനത്തിന്റെ പിഴ അടച്ചതിന് പിന്നാലെ വാഹന രജിസ്ട്രേഷൻ പുതുക്കുന്നതുപോലുള്ള ഒന്നിലധികം സേവനങ്ങൾ ഉപഭോക്താവിന്റെ ആവശ്യത്തിന് അനുസരിച്ച് ഒറ്റ ഘട്ടത്തിൽ ചെയ്യാം. ആദ്യഘട്ടത്തിൽ വാഹന ലൈസൻസിങ് സേവനങ്ങൾക്കാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്. വാഹന രജിസ്ട്രേഷൻ പുതുക്കൽ, പിഴ അടയ്ക്കൽ, ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടൽ, നമ്പർ പ്ലേറ്റ് റിസർവേഷൻ പുതുക്കൽ തുടങ്ങിയ സേവനങ്ങൾ ഇതിൽ ഉൾപ്പെടും.
യു.എ.ഇ പാസ് ഉപയോഗിച്ചുള്ള തിരിച്ചറിയലും ദുബൈ സദദ് പ്ലാറ്റ്ഫോം വഴിയുള്ള പേയ്മെന്റ് സൗകര്യവും സംവിധാനത്തിലുണ്ടാകും. അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ സേവനം ഉപയോഗിക്കാം. വിവിധ വെബ് പേജുകളിലേക്കും ആപ്പുകളിലേക്കും മാറിമാറി പോകേണ്ട ആവശ്യം ഒഴിവാക്കി, ഇടപാടുകൾ പൂർത്തിയാക്കാനുള്ള സമയവും ശ്രമവും കുറയ്ക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് ആർ.ടി.എ അറിയിച്ചു.

No comments:
Post a Comment