അബൂദബി: ചന്ദ്രനിൽനിന്നുള്ള ഉൽക്ക നേരിട്ട് തൊട്ടറിയാനുള്ള അപൂർവ അവസരമൊരുക്കി അബൂദബി നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം. മ്യൂസിയത്തിലെ ‘ദി സ്റ്റോറി ഓഫ് എർത്ത്’ ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ‘ആഷ് ശഖ്ഖ 002’ എന്ന ചാന്ദ്ര ഉൽക്കയാണ് സന്ദർശകർക്ക് നേരിട്ട് സ്പർശിക്കാനാകുന്നത്. ബിഗ് ബാങ് മുതൽ ആധുനിക കാലം വരെയുള്ള ഭൂമിയുടെ ചരിത്രവും പരിണാമവും പരിചയപ്പെടുത്തുന്ന മ്യൂസിയത്തിൽ ശാസ്ത്രലോകത്തെ വിസ്മയിപ്പിക്കുന്ന നിരവധി പ്രദർശനങ്ങളുമുണ്ട്.
ഏകദേശം 6.7 കോടി വർഷം പഴക്കമുള്ള ‘സ്റ്റാൻ’ എന്ന ടി-റെക്സ് ദിനോസറിന്റെ അസ്ഥികൂടം, ഏഴ് ദശലക്ഷം വർഷം മുമ്പ് അബൂദബി മേഖലയിൽ ജീവിച്ചിരുന്ന നാല് കൊമ്പുകളുള്ള ആനയുടെ ഫോസിൽ, ‘ലൂസി’ എന്ന മനുഷ്യപൂർവികന്റെ അസ്ഥികൂടം, ഭീമൻ തിമിംഗലത്തിന്റെ അസ്ഥികൂടം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. 35,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുക്കിയിരിക്കുന്ന മ്യൂസിയം സഅദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്റ്റിലാണ് സ്ഥിതി ചെയ്യുന്നത്. പ്രദർശനങ്ങൾക്കൊപ്പം ശാസ്ത്രഗവേഷണത്തിനായുള്ള പ്രത്യേക ലബോറട്ടറികളും ഇവിടെയുണ്ട്.

No comments:
Post a Comment