ദുബൈയിൽ കാലാവധി കഴിഞ്ഞ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർക്കെതിരെ നടപടി

10 മാസത്തിനിടെ 48,950 ട്രാഫിക് നിയമലംഘനങ്ങൾ; 500 ദിർഹം പിഴയും വാഹനങ്ങൾ ഏഴു ദിവസത്തേക്ക് കണ്ടുകെട്ടും

ദുബൈ: വാഹന രജിസ്ട്രേഷൻ കാലാവധി അവസാനിച്ചിട്ടും പുതുക്കാതെ നിരത്തിലിറങ്ങിയവർക്കെതിരെ കർശന നടപടിയുമായി ദുബൈ പൊലീസ്. കഴിഞ്ഞ 10 മാസത്തിനിടെ ഇത്തരത്തിലുള്ള 48,950 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത്. വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാതിരിക്കുന്നത് നിയമലംഘനം മാത്രമല്ലെന്നും കൃത്യമായ സാങ്കേതിക പരിശോധനകൾ നടക്കാത്തത് റോഡിൽ വലിയ സുരക്ഷാ ഭീഷണി സൃഷ്ടിക്കുമെന്നും ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലീം ബിൻ സുവൈദാൻ വ്യക്തമാക്കി.

രജിസ്ട്രേഷൻ പുതുക്കാത്ത വാഹനങ്ങളിൽ ടയറുകൾ, ബ്രേക്കുകൾ, ലൈറ്റുകൾ, സ്റ്റിയറിങ് സംവിധാനം തുടങ്ങിയ പ്രധാന ഭാഗങ്ങളുടെ സുരക്ഷ പരിശോധിക്കപ്പെടാതെ പോകാൻ സാധ്യതയുണ്ട്. ഇത് അപ്രതീക്ഷിത സാങ്കേതിക തകരാറുകൾക്കും റോഡപകടങ്ങൾക്കും കാരണമാകാം. കൂടാതെ, ഇൻഷുറൻസ് കാലാവധി കഴിഞ്ഞ വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ ഉടമകൾക്ക് വലിയ സാമ്പത്തിക ബാധ്യതകളും നിയമപ്രശ്നങ്ങളും നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

നിലവിലെ നിയമപ്രകാരം രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനം ഓടിച്ചാൽ 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം ഏഴു ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. ഇത്തരം നടപടികൾ ഒഴിവാക്കുന്നതിനും സ്വന്തം സുരക്ഷയ്ക്കൊപ്പം മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വാഹന ഉടമകൾ ഇൻഷുറൻസ് പുതുക്കൽ, രജിസ്ട്രേഷൻ, സാങ്കേതിക പരിശോധന എന്നിവ കൃത്യസമയത്ത് പൂർത്തിയാക്കണമെന്ന് ദുബൈ പൊലീസ് ആവശ്യപ്പെട്ടു.



No comments:

Post a Comment