ദുബായിൽ നോൾ കാർഡിന് വൻ മാറ്റം; ഇനി യാത്രയ്ക്കും ഷോപ്പിങ്ങിനും പണമടയ്ക്കാം

നോൾ–ജയ്‌വാൻ സംയോജിത കാർഡ് നവംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ; ടാക്സി, പാർക്കിങ് ഉൾപ്പെടെ വിവിധ സേവനങ്ങൾക്കും ഉപയോഗിക്കാം

ദുബായ്: യാത്രയ്ക്കും ദൈനംദിന പണമിടപാടുകൾക്കും ഒരേ കാർഡ് ഉപയോഗിക്കാവുന്ന പുതിയ സംവിധാനവുമായി ദുബായ്. നിലവിലെ നോൾ കാർഡിനെ യുഎഇയുടെ ദേശീയ പേയ്‌മെന്റ് സംവിധാനമായ ജയ്‌വാനുമായി ബന്ധിപ്പിച്ചാണ് പുതിയ തലമുറ കാർഡുകൾ പുറത്തിറക്കുന്നത്. ഇതിനായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (RTA) യുഎഇ സെൻട്രൽ ബാങ്കിന് കീഴിലുള്ള അൽ ഇത്തിഹാദ് പേയ്‌മെന്റ്‌സും ധാരണാപത്രത്തിൽ ഒപ്പുവച്ചു. അക്കൗണ്ട് അധിഷ്ഠിത ടിക്കറ്റിങ് (ABT) സാങ്കേതികവിദ്യയിലൂടെ നോൾ സംവിധാനത്തെ കൂടുതൽ ആധുനികമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

പുതിയ കാർഡിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം ഈ നവംബറിൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ ആർടിഎയുടെ പൊതുഗതാഗത സംവിധാനങ്ങൾ, ടാക്സികൾ, സ്വകാര്യ ഗതാഗത സേവനങ്ങൾ, പൊതു പാർക്കിങ് എന്നിവിടങ്ങളിൽ കാർഡ് ഉപയോഗിക്കാനാകും. ഘട്ടംഘട്ടമായിട്ടായിരിക്കും പദ്ധതി വിപുലീകരിക്കുക. യാത്രയ്ക്കുള്ള നോൾ സൗകര്യത്തിന് പുറമെ ജയ്‌വാൻ വഴി സാധാരണ പണമിടപാടുകളും നടത്താൻ കഴിയുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത.

സ്മാർട്ട്ഫോൺ വഴിയുള്ള ഉപയോഗസൗകര്യവും 120-ലധികം വിവിധ ഇളവുകളും പുതിയ കാർഡിന്റെ ഭാഗമായി ലഭ്യമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. യാത്രയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമുള്ള പേയ്‌മെന്റുകൾ കൂടുതൽ ലളിതമാക്കുകയും വ്യത്യസ്ത സേവനങ്ങളെ ഒരൊറ്റ സംവിധാനത്തിന് കീഴിൽ കൊണ്ടുവരികയുമാണ് പദ്ധതിയുടെ ലക്ഷ്യം. ആർടിഎ ഡയറക്ടർ ജനറലും ബോർഡ് ചെയർമാനുമായ മതർ അൽ തായറും സെൻട്രൽ ബാങ്ക് അസിസ്റ്റന്റ് ഗവർണറും അൽ ഇത്തിഹാദ് പേയ്‌മെന്റ്‌സ് ചെയർമാനുമായ സൈഫ് ഹുമൈദ് അൽ ദാഹിരിയുമാണ് കരാറിൽ ഒപ്പുവച്ചത്.



No comments:

Post a Comment