അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് സമയപരിധിയില്ലാത്ത ഇൻഷുറൻസ് പരിരക്ഷ; യുഎഇയിൽ പുതിയ നിയമം പ്രാബല്യത്തിൽ

അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ചികിത്സകൾക്കും തുടർചികിത്സകൾക്കും സമയപരിധിയില്ലാതെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പുതിയ വ്യവസ്ഥ യുഎഇയിൽ പ്രാബല്യത്തിൽ. 2026 ഒക്ടോബർ 31 മുതലാണ് രാജ്യത്തെ ആരോഗ്യ ഇൻഷുറൻസ് കമ്പനികൾക്ക് ഈ ബാധ്യത നിലവിൽ വന്നത്. Cabinet Resolution No. 61 of 2026-ലെ Article 9 പ്രകാരമാണ് പുതിയ വ്യവസ്ഥ.

പുതിയ നിയമപ്രകാരം അവയവം ദാനം ചെയ്യുന്ന വ്യക്തിക്കും അവയവം സ്വീകരിക്കുന്ന രോഗിക്കും ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും ആവശ്യമായ ചികിത്സകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകണം. പരിശോധനകൾ, ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ചികിത്സകൾ, മെഡിക്കൽ ഫോളോ-അപ്പ്, അവയവം നീക്കം ചെയ്യുന്നതിനുള്ള ചെലവുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. അവയവദാനമോ അവയവമാറ്റ ശസ്ത്രക്രിയയോ മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്കും സങ്കീർണതകൾക്കും എത്ര വർഷങ്ങൾക്കുശേഷം കണ്ടെത്തിയാലും ചികിത്സാ പരിരക്ഷ നൽകണമെന്നതാണ് പ്രധാന വ്യവസ്ഥ.

ജീവിച്ചിരിക്കുന്നതോ മരണപ്പെട്ടതോ ആയ ദാതാവിൽനിന്ന് അവയവം നീക്കം ചെയ്യുന്നതിനും അവയവം സ്വീകരിക്കുന്ന വ്യക്തിയുടെ തുടർചികിത്സയ്ക്കും ഈ വ്യവസ്ഥ ബാധകമാണ്. അവയവമാറ്റവുമായി ബന്ധപ്പെട്ട സങ്കീർണതകൾക്ക് ചികിത്സ നൽകുന്നതിൽ സമയപരിധി ഏർപ്പെടുത്താൻ ഇൻഷുറൻസ് കമ്പനികൾക്ക് കഴിയില്ല. അവയവദാതാക്കളുടെയും അവയവം സ്വീകരിക്കുന്നവരുടെയും ചികിത്സാ ചെലവുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത കുറയ്ക്കുകയാണ് പുതിയ വ്യവസ്ഥയുടെ ലക്ഷ്യം.



No comments:

Post a Comment