ജിദ്ദ : നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ ഇഖാമ, റി എൻട്രി,വിസിറ്റ് വിസാ കാലാവധികൾ പുതുക്കുന്നത് സംബന്ധിച്ച് ചോദ്യത്തിനു ഇന്ത്യക്കാരെ നിരാശരാക്കിക്കൊണ്ട് ജവാസാത്ത് മറുപടി.
മാർച്ച് 31 വരെ സൗജന്യമായി ഇഖാമയും റി എൻട്രിയും പുതുക്കുന്ന ആനൂകൂല്യം ഏതെല്ലാം രാജ്യക്കാർക്ക് ലഭിക്കുമെന്ന ചോദ്യത്തിനു നല്കിയ മറുപടിയാണ് ഇന്ത്യൻ പ്രവാസികൾക്ക് നിരാശ സമ്മാനിക്കുന്നത്.
നേരത്തെ ലിസ്റ്റിലുണ്ടായിരുന്ന ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളെയും ഒഴിവാക്കിക്കൊണ്ടായിരുന്നു പുതിയ ലിസ്റ്റ് ജവാസാത്ത് മറുപടിയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
നിലവിൽ സൗദിയും ഇന്ത്യയുമായി എയർ ബബിൾ കരാർ നിലവിലുള്ളതിനാലും ഇന്ത്യക്കാർക്ക് സൗദിയിൽ ക്വാറന്റീനോട് കൂടി നേരിട്ട് പറക്കാമെന്നതിനാലുമായിരിക്കണം ഇപ്പോൾ ഇന്ത്യയെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത് എന്നാണ് അനുമാനം.
അതേ സമയം ഇക്കഴിഞ്ഞ 31 ആം തീയതി നിരവധി ഇന്ത്യൻ പ്രവാസികൾക്ക് ഒരു ദിവസം മാത്രം രേഖകൾ ജവാസാത്ത് നീട്ടിക്കൊടുത്തിരുന്നു.
ജവാസാത്ത് മറുപടിയിൽ ഇപ്പോൾ ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടില്ലെന്നതിനാൽ ഇന്ത്യക്കാർക്ക് ആനുകൂല്യം ലഭിക്കുമോ എന്ന് ജവാസാത്തിനോട് ഗൾഫ് മലയാളി സംശയം ഉന്നയിച്ചിട്ടുണ്ട്. മറുപടി ലഭിക്കുമെന്ന പ്രതീക്ഷയിലാണുള്ളത്.