സൗദി റി എൻട്രി വിസ കാലാവധി അവസാനിച്ചവർ അബ്ഷിറിൻ്റെ മുന്നറിയിപ്പ് ശ്രദ്ധിക്കുക...

നാട്ടിൽ നിന്ന് റി എൻട്രി വിസാ കാലാവധികൾ അവസാനിച്ച പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓർമ്മപ്പെടുത്തി അബ്ഷിർ പ്ളാറ്റ്ഫോം.

സിംഗിൾ റി എൻട്രി നീട്ടുന്നതിനുള്ള ഫീസ് ഒരു മാസത്തിനു 100 റിയാൽ എന്ന തോതിലാണ്. അതേ സമയം മൾട്ടി റി എൻട്രി കാലാവധികൾ നീട്ടുന്നതിനു പ്രതിമാസം 200 റിയാൽ എന്ന തോതിൽ ആണു അടക്കേണ്ടത്.

ഇത്തരത്തിൽ റി എൻട്രി വിസാ കാലാവധി പുതുക്കുന്നതിനു ഉപയോക്താവ് സൗദിക്ക് പുറത്തായിരിക്കണമെന്നും ഇഖാമയിൽ റി എൻട്രി നീട്ടുന്ന ഡേറ്റിനോടനുബന്ധിച്ച കാലാവധി ഉണ്ടായിരിക്കണാമെന്നും അബ്ഷിർ പറയുന്നു.

അതേ സമയം റി എൻട്രി വിസാ കാലാവധി അവസാനിച്ച് 60 ദിവസം പിന്നിട്ടവർക്ക് ഓൺലൈൻ വഴി റി എൻട്രി പുതുക്കാൻ സാധിക്കില്ലെന്ന അബ്ഷിറിൻ്റെ മുന്നറിയിപ്പ് പ്രധാനമാണ്.

പല പ്രവാസികളും ഇഖാമ കാലാവധി ഉള്ള സമാധാനത്തിൽ റി എൻട്രി വിസയെക്കുറിച്ച് ചിന്തിക്കാതെ അത് എക്സ്പയർ ആയിപ്പോകുന്ന പ്രവണത കാണാനുണ്ട്.
 
സൗദിയിലേക്ക് മടങ്ങുന്ന സമയം അതിനെക്കുറിച്ച് ചിന്തിക്കാമെന്ന ധാരണയിൽ റി എൻട്രി പുതുക്കാതെ നിന്ന് അവസാനം സൗദിയിലേക്ക് പോകാൻ സമയം റി എൻട്രി പുതുക്കാൻ ശ്രമിക്കുംബോൾ ഓൺലൈൻ ആയി പുതുക്കാൻ സാധിക്കാതെ പ്രയാസപ്പെട്ട നിരവധി പ്രവാസികളുണ്ട്.

ഇവരിൽ പലരും പിന്നീട് ഇന്ത്യയിലെ സൗദി എംബസിയുമായും മറ്റും വിവധ രീതികളിൽ ബന്ധപ്പെട്ട് റി എൻട്രി നീട്ടി പാസ്പോർട്ടിൽ സ്റ്റാംബ് ചെയ്തെല്ലാമാണു സൗദിയിലേക്ക് പറക്കുന്നത്. അതിനു ചിലവ് കൂടുകയും ചെയ്യും. അത്തരത്തിൽ ശ്രമിച്ചിട്ട് പോലും പുതുക്കാൻ സാധിക്കാതെ പ്രയാസപ്പെട്ട ചില സുഹൃത്തുക്കൾ അറേബ്യൻ മലയാളിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.
 
അത് കൊണ്ട് തന്നെ നാട്ടിൽ ഉള്ള പ്രവാസികൾ റി എൻട്രി വിസ കാലാവധി എക്സ്പയർ ആയാൽ രണ്ട് മാസത്തിൽ കൂടുതൽ സമയം കാത്ത് നിൽക്കാതെ പെട്ടെന്ന് തന്നെ പുതുക്കി സേഫ് ആകുന്നതാായിരിക്കും ബുദ്ധി.

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി; 5 ദിവസം സൗദിയിൽ ക്വാറന്റീൻ: വിശദ വിവരങ്ങൾ അറിയാം...

ഇന്ത്യയടക്കം ആറ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി നൽകിയതായി സൗദി ആഭ്യന്തര മന്ത്രാലയം.
ഡിസംബർ 1 ബുധനാഴ്ച പുലർച്ചെ ഒരു മണി മുതലാണ് അനുമതി പ്രാബല്യത്തിൽ വരിക.

ഇന്ത്യക്ക് പുറമെ ഇന്തോനേഷ്യ, പാകിസ്ഥാൻ, വിയ്റ്റ്നാം, ബ്രസീൽ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാം.

ഇതോടെ ഡിസംബർ 1 മുതൽ ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകുന്ന ഏത് വിഭാഗക്കാർക്കും സൗദി വിലക്കേർപ്പെടുത്താത്ത രാജ്യങ്ങളിൽ 14 ദിവസം താമസിക്കതെ തന്നെ സൗദിയിലേക്ക് നേരിട്ട്  പ്രവേശിക്കാം.

അതേ സമയം ഇങ്ങനെ പ്രവേശിക്കുന്നവർ സൗദിക്ക് പുറത്ത് നിന്ന് വാക്സിനെടുത്തവരാണെങ്കിലും അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ കഴിയണം.

നേരത്തെ ഇളവുണ്ടായിരുന്ന വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ പഴയത് പോലെ തുടരും. അവർക്ക് 5 ദിവസ ക്വാറന്റീൻ വേണ്ട.

ഇഖാമ ഇനി ഏത് പ്രൊഫഷനിലേക്ക് മാറ്റുന്നതാണ് സുരക്ഷിതം ? സൗദിവത്ക്കരണം വന്ന പ്രൊഫഷനുള്ള ഇഖാമയുള്ളവരെല്ലാം ആശങ്കപ്പെടേണ്ടതുണ്ടോ ? സൗദി പ്രവാസികളുടെ മുമ്പിലുള്ള അടുത്ത പ്രധാന വെല്ലുവിളി./Which profession is safest to transfer iqama to? The next major challenge facing Saudi expats.

ഓരോ ദിവസം കഴിയും തോറും പുതിയ നിയമങ്ങൾ വരുന്നതിനനുസരിച്ച് പുതിയ സുരക്ഷിത മേഖലകൾ കണ്ടെത്തുന്നതിൽ സൗദി പ്രവാസികൾ മികവ് തെളിയിച്ചവരാണ്.
ഏത് തരം പ്രതിസന്ധികൾ വന്നപ്പോഴും അവയെയെല്ലാം തന്ത്രപരമായി നേരിടാനും തങ്ങളുടെ നിയമ പരമായ സൗദിയിലെ താമസവും ജോലിയും ബിസിനസുമെല്ലാം സുരക്ഷിതമാക്കാനും പ്രവാസികൾ പരിശ്രമിക്കുകയും അവ വിജയം കാണുകയും ചെയ്തിട്ടുണ്ട്.
 
എന്നാൽ ഇപ്പോൾ പ്രവാസികൾക്ക് മുന്നിലുള്ള പുതിയ ഒരു പ്രധാനപ്പെട്ട വെല്ലു വിളി സൗദിവത്ക്കരണം പൂർണ്ണമായോ നിശ്ചിത ശതമാനമോ ബാധകമാായ ഇഖാമ പ്രൊഫഷനുകളിൽ നിന്ന് ഇനി ഏത് പ്രൊഫഷനിലേക്ക് ഇഖാമ മാറും എന്നതാണ്.

പൂർണ്ണമായും സൗദി വത്ക്കരണം വന്ന പ്രൊഫഷനിലുള്ളവർക്ക് നിർബന്ധമായും ഒരു സുരക്ഷിത പ്രൊഫഷൻ കണ്ടെത്തേണ്ടതുണ്ടെങ്കിൽ ഒരു നിശ്ചിത ശതമാനം മാത്രം സൗദി വത്ക്കരണം വന്ന പ്രൊഫഷനിലുള്ളവരും ഇപ്പോൾ ഇഖാമ പുതുക്കാൻ കഴിയാതെ പ്രയാസത്തിലായിരിക്കുകയാണ്.

നിശ്ചിത ശതമാനം സൗദി വത്ക്കരണം വന്ന പ്രൊഫഷനിൽ നിർദ്ദേശിക്കപ്പെട്ടയത്രയും സൗദികൾ ജോലി ചെയ്യുന്നില്ലെങ്കിൽ അതേ പ്രൊഫഷനിൽ പെട്ട വിദേശികളുടെ ഇഖാമകൾ പുതുക്കാൻ സാധിക്കുന്നില്ല എന്നതാണു നിലവിലെ അവസ്ഥ.

ഇവർക്കാണെങ്കിൽ നേരായ വഴിയിലൂടെ മറ്റേതെങ്കിലും പ്രൊഫഷനിലേക്ക് മാറി ഇഖാമ പുതുക്കാമെന്ന് കരുതിയാൽ തന്നെയും പ്രൊഫഷൻ മാറാനുള്ള അവസരം ബ്ളോക്ക് ചെയ്ത അവസ്ഥയിലുമാണുള്ളത്.

ഇനി ഇഖാമ പുതുക്കണമെങ്കിൽ ഒന്നുകിൽ പ്രസ്തുത പ്രൊഫഷനിൽ നിശ്ചിത എണ്ണം സൗദികൾ കംബനിയിൽ ജോലിക്ക് പ്രവേശിക്കണം, അല്ലെങ്കിൽ എക്സിറ്റ് മാത്രമേ വഴിയുള്ളൂൂ എന്നാണു പല പ്രവാസി സുഹൃത്തുക്കളും ഗൾഫ് മലയാളിയുമായി പങ്ക് വെച്ചത്.

ഈ സാഹചര്യത്തിൽ ഇപ്പോൾ പ്രൊഫഷൻ ഏതെങ്കിൽ രീതിയിൽ മാറാൻ സാധിക്കുമെന്ന് പ്രതീക്ഷയുള്ളവർ പലരും ഏത് പ്രൊഫഷനിലേക്ക് മാറുകയാണു നല്ലതെന്ന സംശയം ഉയർത്തുന്നുണ്ട്.

കംബനികളിലല്ലാതെ ജോലി ചെയ്യുന്നവർക്ക് പല തരം ഗാർഹിക തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട പ്രൊഫഷനുകളിലേക്കും മാറി സുരക്ഷിതരാകാമെങ്കിലും പരിശോധനകൾ ശക്തമാണെന്നതിനാൽ എത്രത്തോളം മുന്നോട്ട് പോകാൻ സാധിക്കുമെന്ന ആശങ്കയിലാണുള്ളത്.
 
ഏതായാലു ഈ വിഷയത്തിൽ കഫീലുമായും കംബനി എച്ച് ആറുമായും സംസാരിച്ച് പൊതുവേ സുരക്ഷിതമായ ഒരു പ്രൊഫഷനിലേക്ക് മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയേ ഇപ്പോൾ നിർവ്വാാഹമുള്ള ( പ്രൊഫഷൻ മാറുന്നുണ്ടെങ്കിൽ).

കാരണം ഏതെല്ലാം പ്രൊഫഷൻ ഇനി സൗദി വത്ക്കരണ നിയമത്തിൽ ഉൾപ്പെടുമെന്നും എത്ര ശതമാനം വരുമെന്നും ഒന്നും പ്രവചിക്കാൻ ആർക്കും സാധിക്കാത്ത സ്ഥിതിയാണുള്ളത്. തൊഴിൽ മാർക്കറ്റിലെ സ്ഥിതി പരിശോധിച്ച് വിലയിരുത്തിക്കൊണ്ട് തന്നെയാണു സൗദി അധികൃതർ പുതിയ നിബന്ധനകൾ ബാധകമാക്കുന്നത് എന്നതിനാൽ നമ്മുടെ പ്രതീക്ഷക്കപ്പുറത്തുള്ള തീരുമാനങ്ങളായേക്കാം നടപ്പിലാകുന്നത്.
 
എങ്കിലും ഇപ്പോൾ സൗദി വത്ക്കരണം നൂറു ശതമാനം ബാധകമാകാത്ത ( ഒരു നിശ്ചിത ശതമാനം സൗദികൾ വേണമെന്ന നിബന്ധനയുള്ള) പ്രൊഫഷനിലുള്ള ഇഖാമയുള്ളവർ ഒരു കഫീലിൻ്റെ കീഴിൽ ഒന്നോ രണ്ടോ പേർ മാത്രമൊക്കെയുള്ളൂ എങ്കിൽ പേടിക്കേണ്ട കാര്യമില്ല എന്നാണു മനസ്സിലാകുന്നത്. കാരണം പല പ്രൊഫഷനുകളും സൗദിവത്ക്കരണം ബാധകമാകുന്നത് പ്രസ്തുത പ്രൊഫഷനിൽ 4 ൽ അധികം ആളുകൾ ജോലി ചെയ്യുന്ന സാഹചര്യത്തിലാണ്.

അത് കൊണ്ട് തന്നെ സൗദിവത്ക്കരണം വന്ന പ്രൊഫഷൻ ആണെങ്കിൽ പോലും അത് തങ്ങളെ ബാധിക്കുന്നുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചതിനു ശേഷം മാത്രം പ്രൊഫഷൻ മാറുന്നത് ചിന്തിച്ചാൽ മതിയാകും.

പ്രവാസികളുടെ ശ്രദ്ധയ്ക്ക്, പ്രവാസി ക്ഷേമ നിധിയിൽ അംഗത്വമെടുക്കുന്നവർ തട്ടിപ്പിനിരയാവാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക..!

കേരള പ്രാവാസി ക്ഷേമ നിധിയിൽ പ്രവാസികൾക്ക് അംഗത്വം എടുത്തു നല്കാം എന്ന വ്യാജ പ്രചരണവുമായി പ്രവാസികളെ ചൂഷണം ചെയ്യുന്ന തട്ടിപ്പുകാർക്കെതിരെ മുന്നറിയിപ്പുമായി കേരള പ്രാവാസി കേരളീയ ക്ഷേമ ബോർഡ്. ക്ഷേമ  നിധിയിൽ അർഹരായ പ്രവാസി കേരളീയർക്ക് ഓൺലൈനായി അംഗത്വമെടുക്കുന്നതിനുള്ള സൂരക്ഷിതമായ എല്ലാ സൗകര്യങ്ങളും കേരള പ്രവാസി ക്ഷേമ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ പ്രവാസി കേരള മുഖേന ഒരുക്കിയിട്ടുണ്ട്. ഓഫ്‌ലൈൻ ആയി അംഗത്വ അപേക്ഷ സ്വീകരിക്കുന്നതിനുള്ള സൗകര്യമുവുമുണ്ട്.

 വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

അംഗത്വത്തിനായുള്ള രജിസ്‌ട്രേഷൻ ഫീസ് 200 രൂപ മാത്രമാണ്. ഒമാനിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ മണി എക്‌സ്‌ചേഞ്ച്, മലപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രവാസി ലിമിറ്റഡ്, (കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം ക്ലിപ്തം നമ്പർ: 4455, മലപ്പുറം) എന്നീ സ്ഥാപനങ്ങൾ മാത്രമാണ് അർഹതയുള്ളവർക്ക് പ്രവാസി ക്ഷേമനിധി അംഗത്വം ബോർഡിന്റെ ഓൺലൈൻ സംവിധാനം വഴി നൽകാൻ അധികാരപ്പെടുത്തിയിട്ടുള്ള അംഗീകൃത സ്ഥാപനങ്ങൾ.

എന്നാൽ, ക്ഷേമ നിധി അംഗത്വം എടുത്തുനൽകാമെന്ന പരസ്യപ്രചാരണം നടത്തി ചില തട്ടിപ്പുകാർ വ്യാജ വെബ്‌സൈറ്റുകൾ വഴി പ്രാവാസികളിൽ നിന്നും വൻതുക ഈടാക്കുന്നതായി ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഓൺലൈനായി അംഗത്വം എടുക്കുന്നതിന് 200 രൂപ മാത്രമാണ് രജിസ്‌ട്രേഷൻ ഫീസായി നൽകേണ്ടത്. യാതൊരുവിധ അധികതുകയും നൽകേണ്ടതില്ല. തട്ടിപ്പിനിരയാകാതെ സൂരക്ഷിതമായി അംഗത്വം എടുക്കുന്നതിനായി ഒ.ടി.പി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതു വഴി അർഹതയുള്ള ഓരോ പ്രവാസി കേരളീയനും തങ്ങളുടെ യൂസർ ഐ.ഡിയും പാസ്‌വേഡും ലഭ്യമാക്കിയ ശേഷം സുരക്ഷിതമായി, ചൂഷണത്തിന് വിധേയമാകാതെ അംഗത്വമെടുക്കുന്നതിനും മറ്റ് അടവുകൾ നടത്തുന്നതിനും കഴിയും. നിലവിലുള്ള അംഗങ്ങൾക്ക് തങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്ത് പാസ്‌വേർഡ് സംവിധാനമുപയോഗിച്ച് ലോഗിൻ നടത്താം.

സോഫ്റ്റ് വെയർ സംബന്ധമായ സംശയങ്ങൾക്കും സഹായത്തിനുമായി
 85479025150471-2785500, 502 എന്ന ഹെല്പ്പ് ലൈൻ നമ്പറുകൾ ഉപയോഗപ്പെടുത്താം. ക്ഷേമനിധി അംഗത്വത്തിനായി അധികതുക ഈടാക്കി പ്രവാസികളെ ചൂഷണം ചെയ്യുന്ന തട്ടിപ്പ് തടയുന്നതിനും  ഇത്തരക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും പോലീസിൽ പരാതി നല്കിയിട്ടുണ്ടെന്നും ബോർഡ്.

പകുതിയിലും കുറഞ്ഞ നിരക്കിൽ ഈ മാസം ദുബായ് എക്സ്പോ ടിക്കറ്റ്. ടിക്കറ്റുകൾ ഓൺലൈനായും ലഭിക്കും... / Dubai Expo tickets

ദുബായ് : എക്സ്പോ കാണാൻ ഈ മാസം ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ പകുതിയിലും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കും . ഒരു ദിവസത്തേക്കുള്ള 95 ദിർഹത്തിന്റെ ടിക്കറ്റിന് 30 വരെ 45 ദിർഹം നൽകിയാൽ മതി . വെള്ളിയും ശനിയും മുഴുവൻ തുകയും നൽകണമെന്നു സംഘാടകർ വ്യക്തമാക്കി.

ടിക്കറ്റുകൾ കൗണ്ടറുകളിൽ നിന്നു നേരിട്ടോ ഓൺലൈനിലോ വാങ്ങാം . സൈറ്റ് : www.expo2020dubai.com . 18 വയസ്സിൽ താഴെയുള്ളവർ , 60 വയസ്സ് കഴിഞ്ഞവർ , ലോകത്തെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഐഡിയുള്ള വിദ്യാർഥികൾ , പ്രത്യേക പരിചരണം ആവശ്യമുള്ളവർ എന്നിവർക്ക് പ്രവേശനം സൗജന്യമാണ് . കുട്ടികളുടെയും പ്രത്യേക പരിചരണം ആവശ്യമായവരുടെയും സഹായത്തിന് ഒപ്പമുള്ളയാൾ പകുതി തുക നൽകിയാൽ മതി .

30 ദിവസത്തേക്കുള്ള ടിക്കറ്റിന് 195 ദിർഹവും 6 മാസത്തേക്കുള്ള പാസിന് 495 ആണ് നിരക്ക് . 950 ദിർഹത്തിന്റെ പാക്കേജിൽ മാതാപിതാക്കളും വീട്ടു ജോലിക്കാരിയും ഉൾപ്പെടെയുള്ള കുടുംബത്തിന് സന്ദർശനം നടത്താം . ഇവർക്ക് എക്സ്പോ ഭക്ഷണശാലകളിൽ ഇളവുമുണ്ടാകും . മാസ്റ്റർ കാർഡ് ഉപയോഗിക്കുന്നവർക്ക് 25 % ഇളവ് ലഭിക്കും .

യുഎഇയുടെ പുറത്തു നിന്നെടുത്ത വാക്‌സിനും അല്‍ ഹുസ്ന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം, എങ്ങനെ? /register for vaccines on the ALHOSEN UAE app

 ദുബായ് : യുഎഇയിലെ പൊതു ഇടങ്ങളില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്തവരായിരിക്കണമെന്ന നിബന്ധന നിലവിലുള്ള സാഹചര്യത്തില്‍ അല്‍ ഹുസ്ന്‍ മൊബൈല്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് വളരെ പ്രധാനമാണ്.

ഗ്രീന്‍ സ്റ്റാറ്റസ് ഇല്ലാത്തവര്‍ക്ക് രാജ്യത്തിലെ റെസ്റ്റൊറന്റുകള്‍, മാളുകള്‍, പൊതു ഇടങ്ങള്‍, ഓഫീസുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രവേശന വിലക്കുണ്ട്. യുഎഇയില്‍ നിന്ന് വാക്‌സിന്‍ പൂര്‍ണമായി എടുക്കുന്നതോടെ അല്‍ ഹുസ്ന്‍ ആപ്പില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്യപ്പെടും. എന്നാല്‍ രാജ്യത്തിന് പുറത്തു നിന്ന് വാക്‌സിന്‍ എടുത്തവര്‍ ആപ്പിലെ രജിസ്‌ട്രേഷനു വേണ്ടി എന്താണ് ചെയ്യേണ്ടതെന്ന് പരിശോധിക്കാം.

ഇതിനായി രാജ്യത്തെ പൊതുജനാരോഗ്യ വിഭാഗമായ അബൂദാബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ ഏതാനും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. രാജ്യത്തിന് പുറത്തുനിന്ന് എടുത്ത വാക്‌സിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കിലുള്ള ആദ്യ നിബന്ധന എടുത്ത വാക്‌സിന് യുഎഇ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും ലോകാരോഗ്യ സംഘടനയുടെയും അംഗീകാരം ഉണ്ടായിരിക്കുകയെന്നതാണ്. നിലവില്‍ ഒന്‍പത് വാക്‌സിനുകള്‍ക്കാണ് യുഎഇ അംഗീകാരം നല്‍കിയിരിക്കുന്നത്. ഫൈസര്‍ ബയോണ്‍ടെക്, സിനോഫാം, ഹയാത്ത് വാക്‌സ്, സ്പുട്‌നിക് വി, ഓക്‌സ്‌ഫോഡ് ആസ്ട്രസെനക്ക, മൊഡേണ, കോവിഷീല്‍ഡ്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, സിനോവാക് എന്നിവയാണ് അംഗീകൃത വാക്‌സിനുകള്‍. ഇവയില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ ഒരു ഡോസും മറ്റുള്ളവയുടെ രണ്ട് ഡോസുകളും എടുത്തവര്‍ക്ക് മാത്രമേ അല്‍ ഹുസ്ന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനാവൂ. അതോടൊപ്പം 2020 ഒക്ടോബര്‍ ഒന്നിന് ശേഷം എടുത്തതായിരിക്കണം വാക്‌സിന്‍ എന്ന നിബന്ധനയുമുണ്ട്

അല്‍ ഹുസ്ന്‍ ആപ്പില്‍ രജിസ്‌ട്രേഷനു വേണ്ടി ഉപയോഗിക്കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ആവശ്യമായ എല്ലാ വിവരങ്ങളും ഉണ്ടായിരിക്കണമെന്നതാണ് മറ്റൊരു നിബന്ധന. വാക്‌സിന്‍ എടുത്തയാളുടെ പേര്, എമിറേറ്റ്‌സ് ഐഡി നമ്പറോ പാസ്‌പോര്‍ട്ട് നമ്പറോ പോലുള്ള തിരിച്ചറിയല്‍ രേഖ, സ്വീകരിച്ച വാക്‌സിന്റെ പേര്, ബാച്ച് നമ്പര്‍, വാക്‌സിന്‍ എടുത്ത തീയതി, സ്ഥലം, വാക്‌സിന്‍ എടുത്ത രാജ്യത്തിന്റെ പേര് തുടങ്ങിയ വിവരങ്ങള്‍ നിര്‍ബന്ധമായും സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടായിരിക്കണം. ഇതില്‍ ഏതെങ്കിലും വിവരങ്ങള്‍ ഇല്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനാവില്ല.

അല്‍ ഹുസ്ന്‍ ആപ്പില്‍ ഈ അടിസ്ഥാന വിവരങ്ങളെല്ലാം നല്‍കിയ ശേഷം രാജ്യത്തെ ഏതെങ്കിലും ഔദ്യോഗിക മെഡിക്കല്‍ കേന്ദ്രത്തിലെത്തി മെഡിക്കല്‍ പരിശോധന നടത്തണം. അബൂദാബി ഹെല്‍ത്ത് സര്‍വീസ് കമ്പനിയുടെ സിഹ ക്ലിനിക്കില്‍ ചെന്നോ മുബാദല ഹെല്‍ത്ത്‌കെയര്‍ കേന്ദ്രങ്ങളില്‍ ചെന്നോ ഈ പരിശോധന നിര്‍വഹിക്കാം. ഈ കേന്ദ്രങ്ങള്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന് കൈമാറും. ഇതോടെ അല്‍ ഹുസ്ന്‍ ആപ്പില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യപ്പെടും.

വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അല്‍ ഹുസ്ന്‍ ആപ്പിലെ നിറം പച്ചയായി മാറും. ഈ ഗ്രീന്‍ പാസ് പരിശോധിച്ചാണ് രാജ്യത്തെ പൊതു ഇടങ്ങളില്‍ പ്രവേശനം അനുവദിക്കുക. അതേസമയം, ആപ്പിലെ പച്ചനിറം മാറി ചാര നിറം വരികയാണെങ്കില്‍ അതിനര്‍ഥം നിങ്ങളുടെ ഗ്രീന്‍പാസിന്റെ കാലാവധി കഴിഞ്ഞുവെന്നാണ്. വീണ്ടും ഗ്രീന്‍ പാസ് ലഭിക്കാന്‍ കോവിഡ് പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് റിസല്‍ട്ട് ലഭ്യമാക്കണം. ഫലം നെഗറ്റീവ് ആകുന്നതോടെ ആപ്പ് സ്റ്റാറ്റസ് വീണ്ടും പച്ച നിറത്തിലേക്ക് മാറും. അതേസമയം, അല്‍ ഹുസ്ന്‍ ആപ്പിലെ നിറം ചുവപ്പാണെങ്കില്‍ കോവിഡ് പോസ്റ്റീവ് ആണെന്നാണ് അത് അര്‍ഥമാക്കുന്നത്. പിസിആര്‍ ടെസ്റ്റ് ഫലം പോസിറ്റീവാണെങ്കില്‍ അപ്പോള്‍ തന്നെ ആപ്പ് സ്റ്റാറ്റസ് ചുവപ്പിലേക്ക് മാറും. ഇങ്ങനെ നിറം ചുവപ്പാകുന്നവര്‍ അപ്പോള്‍ തന്നെ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്നത് പ്രകാരം ക്വാറന്റൈനിലേക്ക് മാറുകയും മറ്റ് പരിശോധനാ നടപടികളിലേക്ക് നീങ്ങുകയും ചെയ്യണം.

 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക 

ഖത്തറിലേക്കുള്ള ഫാമിലി വിസിറ്റ് വിസക്ക് മെട്രാഷിലൂടെ അപേക്ഷിക്കാം... /Family visit visa to Qatar can be applied for through Matrash.

 ദോഹ : ഖത്തറിലേക്കുള്ള കുടുംബ സന്ദര്‍ശക വിസകള്‍ക്ക് മെട്രാഷ് ആപ്പിലൂടെ അപേക്ഷിക്കാമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് വിഭാഗം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ സേവനങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ ലഫ്റ്റനന്റ് കേണല്‍ ഡോ. സഅദ് ഉവൈദ അല്‍ അഹ്ബാബിയാണ് ഇക്കാര്യം അറിയിച്ചത്.
ഭാര്യ/ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്കും മാതാപിതാക്കള്‍, സഹോദരീ സഹോദരന്‍മാര്‍ തുടങ്ങിയവര്‍ക്കുമാണ് വിസിറ്റ് വിസ അനുവദിക്കുക. ഇതില്‍ ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിവരെ വിസിറ്റ് വിസയില്‍ കൊണ്ടുവരണമെങ്കില്‍ അപേക്ഷിക്കുന്ന പ്രവാസിക്ക് ചുരുങ്ങിയത് 5000 റിയാല്‍ മാസ ശമ്പളം ഉണ്ടായിരിക്കണം. മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരെ കൊണ്ടുവരാനാണെങ്കില്‍ 10,000 റിയാലാണ് കുറഞ്ഞ മാസ ശമ്പള പരിധി. നിശ്ചിത ശമ്പളം ഉണ്ടെന്ന കാര്യം തൊഴില്‍ കരാറില്‍ രേഖപ്പെടുത്തിയിരിക്കണം.

മെട്രാഷ് ആപ്പിലൂടെയാണ് ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്കുള്ള വിസിറ്റ് വിസ അപേക്ഷ നല്‍കേണ്ടത്. വിസ അപേക്ഷയോടൊപ്പം തൊഴിലുടമയില്‍ നിന്നുള്ള എന്‍ഒസി, കമ്പനി കാര്‍ഡിന്റെ പകര്‍പ്പ്, വിസിറ്റ് വിസയില്‍ വരുന്ന വ്യക്തിയുടെ പാസ്‌പോര്‍ട്ട് കോപ്പി, അപേക്ഷകന്റെ ഐഡി കാര്‍ഡ്, സന്ദര്‍ശകര്‍ക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ്, വരുന്നതിനും തിരികെ പോകുന്നതിനുമുള്ള വിമാന ടിക്കറ്റിന്റെ പകര്‍പ്പ്, ബന്ധം കാണിക്കുന്നതിനുള്ള തെളിവ് (ഭാര്യയോ ഭര്‍ത്താവോ ആണ് വരുന്നതെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ്, മക്കളാണെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ്), ലേബര്‍ വിഭാഗം സാക്ഷ്യപ്പെടുത്തിയ തൊഴില്‍ കരാര്‍ എന്നിവയും ആവശ്യമാണ്.

സന്ദര്‍ശക വിസയില്‍ വരുന്നവര്‍ അപേക്ഷകന്റെ മാതാപിതാക്കളോ സഹോദരങ്ങളോ ആണെങ്കില്‍ മെട്രാഷ്-2 ആപ്പിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. നേരത്തേ പറഞ്ഞ രേഖകള്‍ക്കു പുറമെ, ഭാര്യ ഖത്തറിലുണ്ടെങ്കില്‍ അവരുടെ റെസിഡന്‍സി കാര്‍ഡിന്റെ കോപ്പി, സന്ദര്‍ശകനുമായുള്ള ബന്ധം കാണിക്കുന്ന രേഖ എന്നിവ കൂടി വേണം.

 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

സൗദി യാത്രയുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന ചില ചോദ്യങ്ങളും അതിനുള്ള മറുപടിയും./Some questions asked by expatriates about their trip to Saudi Arabia and their answers.

സൗദി യാത്രയുമായി ബന്ധപ്പെട്ട് പ്രവാസി സുഹൃത്തുക്കൾ അടുത്ത ദിവസങ്ങളിലായി ഗൾഫ് മലയാളിയോട് ചോദിക്കുന്ന പുതിയ 6 സംശയങ്ങളും അവക്കുള്ള മറുപടിയും താഴെ കൊടുക്കുന്നു.

1.നാട്ടിൽ നിന്നും വാക്സിനെടുത്ത പല പ്രവാസികളും സൗദിയിലേക്ക് 14 ദിവസ ക്വാറൻ്റീൻ ഇല്ലാതെ കടക്കുന്നതായി പലരും പറയുന്നു. അത് ശരിയാണോ? അതിൽ അപകടമുണ്ടോ?

 ഉത്തരം : അത്തരത്തിൽ പ്രവേശിക്കുന്നുണ്ടെങ്കിൽ അത് അനധികൃതവും പിന്നീട് സൗദി അധികൃതർക്ക് അതിനെക്കുറിച്ച് വിവരം ലഭിക്കുന്നതോടെ കനത്ത ശിക്ഷ ലഭിക്കുന്നതുമായ വലിയ കുറ്റ കൃത്യമാണ്. സൗദിയുടെ ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾക്ക് തന്നെ വലിയ വെല്ലു വിളി ഉയർത്തുന്ന പാതകം കൂടിയാണത്. ഈ രീതിയിൽ കടക്കാൻ ശ്രമിച്ച ഇരുനൂറിലധികം പേരെ കഴിഞ്ഞ ദിവസം അതിർത്തിയിൽ നിന്ന് തിരിച്ചയച്ചത് ഗൾഫ് മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ലാഭക്കണ്ണ് കൊണ്ട് പ്രവർത്തിക്കുന്ന ചിലരുടെ ഇത്തരത്തിലുള്ള പ്രവർത്തനം മൂലം നിയമ പരമായി പോകുന്നവരുടെ കര മാർഗമുള്ള സൗദി പ്രവേശനം പോലും തടയപ്പെടുമെന്ന ആശങ്കയിലാണിപ്പോൾ പ്രവാസികളുള്ളത്. അത് കൊണ്ട് തന്നെ 14 ദിവസം ദുബൈയിലോ മറ്റോ താമസിച്ച് നിയമപരമായി സൗദിയിലേക്ക് കടക്കുക. മറ്റുള്ളവർക്ക് കൂടി പ്രയാസം ഉണ്ടാക്കാതിരിക്കുക.

2. നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് 14 ദിവസം മറ്റൊരു രാജ്യത്ത് ക്വാറൻ്റീനിൽ കഴിഞ്ഞ ശേഷം സൗദിയിൽ എത്തിയ ഒരാൾ പിന്നീട് നാട്ടിലേക്ക് അവധിയിൽ പോകുകയും വീണ്ടും സൗദിയിലേക്ക് മടങ്ങിപ്പോകുന്ന സമയം 14 ദിവസം മറ്റൊരു രാജ്യത്ത് കഴിയേണ്ടതുണ്ടോ?

 ഉത്തരം : 14 ദിവസം സൗദിയിലേക്ക് വിലക്കില്ലാത്ത ഒരു രാജ്യത്ത് താമസിക്കേണ്ടി വരും. കാരണം നിലവിൽ സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്കും ആരോഗ്യ പ്രവർത്തകർക്കും ഡിപ്ളോമാറ്റ്സിനും അദ്ധ്യാപകർക്കും എംബസി, അന്താരാഷ്ട്ര സംഘടനകൾ എന്നിവിടങ്ങളിലെ സാധാരണ ജീവനക്കാർക്കും മാത്രമേ സൗദിയിലേക്ക് നേരിട്ട് പോകാൻ അനുമതിയുള്ളൂ.

3. കോവാക്സിൻ ലോകാരോഗ്യ സംഘടന അംഗീകരിച്ച സാഹചര്യത്തിൽ കോവാക്സിൻ സ്വീകരിച്ചവർക്ക് ഇനി സൗദിയിലെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ഒഴിവാക്കിക്കിട്ടുമോ?

 ഉത്തരം .കോവാക്സിൻ ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുണ്ടെങ്കിലും സൗദി അംഗീകരിച്ചിട്ടില്ല. സൗദി അംഗീകരിച്ച വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ സൗദിയിലെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ഒഴിവാകുകയുള്ളൂ.

4.സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം നാട്ടിൽ ഫൈനൽ എക്സിറ്റിൽ എത്തിയ ആൾക്ക് പുതിയ തൊഴിൽ വിസയിലോ വിസിറ്റ് വിസയിലോ നേരിട്ട് സൗദിയിലേക്ക് നേരിട്ട് പോകാാൻ സാധിക്കുമോ ?

 ഉത്തരം : നേരിട്ട് പോകാൻ സാധിക്കും. കാരണം അവർ സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട് . മറ്റു യാത്രാ രേഖകൾ ശരിയെന്ന് ഉറപ്പ് വരുത്തിയാൽ മതി എന്നാണു ജവാസാത്ത് മറുപടി.

5.ഇത്തരത്തിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് എക്സിറ്റിൽ വന്ന ചിലരെ ചില എയർലൈൻ കംബനികൾ പുതിയ വിസയിൽ നേരിട്ട് പോകാൻ അനുവദിക്കുന്നില്ലെന്ന് പരാതിയുണ്ട്. അവർ എന്ത് ചെയ്യണം?/

 ഉത്തരം : ഏതെങ്കിലും ഉദ്യോഗസ്ഥർ അത്തരത്തിൽ യാത്രക്ക് മുടക്കം പറയുകയാണെങ്കിൽ അവർക്ക് ജവാസാത്ത് അനുമതിയുണ്ടെന്ന കാര്യം ബോധ്യപ്പെടുത്തിക്കൊടുക്കുക. ജവാസാത്തിൻ്റെ ട്വിറ്ററിൽ അവർ വ്യക്തമായിത്തന്നെ ഇത്തരത്തിൽ പോകാൻ സാധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതോടൊപ്പം അത്തരത്തിൽ ബോഡിംഗ് അനുവദിക്കുന്നതിനു വൈമനസ്യം കാണിക്കുന്ന ചുരുക്കം വിമാനക്കംബനികളെ ഒഴിവാക്കി യാത്ര അനുവദിക്കുന്ന കംബനികളുടെ ഫ്ളൈറ്റ് ടിക്കറ്റ് എടുക്കാനും ശ്രമിക്കുക.

6.ഫാമിലി വിസയിൽ ഉള്ളവരെ, അവരുടെ കുടുംബ നാഥൻ രണ്ട് ഡോസ് വാക്സിൻ സൗദിയിൽ നിന്ന് എടുത്തയാളാണെങ്കിൽ അയാൾ നാട്ടിലെത്തിയ ശേഷം 14 ദിവസ ക്വാറൻ്റീൻ ഇല്ലാതെ നേരിട്ട് കൊണ്ട് പോകാൻ പറ്റുമോ?

 ഉത്തരം : 18 വയസ്സിനു മുകളിലുള്ളവരാണെങ്കിൽ നേരിട്ട് കൊണ്ട് പോകാൻ സാധിക്കില്ലെന്നാണു നിയമം. 18 വയസ്സിനു താഴെയുള്ളവരാണെങ്കിൽ സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത രക്ഷിതാവിൻ്റെ കൂടെ നേരിട്ട് പോകാൻ സാധിക്കും.