ദുബായ്: യുഎഇയില്‍ ജോലി തട്ടിപ്പിനിരയായ 60 ഓളം പ്രവാസികള്‍ ഗത്യന്തമില്ലാതെ അലയുന്നു. ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 60ഓളം പേരെയാണ് റിക്രൂട്ടിംഗ് ഏജന്‍സി തട്ടിപ്പിനിരയാക്കിയത്. ഇവര്‍ മുറഖബാത്ത് പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സെക്യൂരിറ്റി സ്ഥാപനത്തില്‍ സെക്യൂരിറ്റി, സൂപ്പര്‍വൈസര്‍ ജോലികള്‍ നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് ഇവരെ സന്ദര്‍ശക വിസയില്‍ യു.എ.ഇയില്‍ എത്തിച്ചത്. ഒരുമാസമായിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്. ഓണ്‍ലൈനില്‍ പരസ്യം കണ്ടാണ് ഇവര്‍ ജോലിക്കായി അപേക്ഷിച്ചത്. യോഗ്യതയോ മുന്‍പരിചയമോ ആവശ്യമില്ലെന്നും പരിശീലനത്തിനു ശേഷമായിരിക്കും ജോലി നല്‍കുക എന്നുമായിരുന്നു അറിയിപ്പ്. സെക്യൂരിറ്റി ഗാര്‍ഡിന് 2200 ദിര്‍ഹവും സൂപ്പര്‍വൈസര്‍ക്ക് 4000 ദിര്‍ഹവുമായിരുന്നു വാഗ്ദാനം. ദേരയിലെ ഓഫിസിലേക്ക് ഇവരെ വിളിച്ചുവരുത്തിയെങ്കിലും അപേക്ഷ നല്‍കുന്നതിനായി പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. സെക്യൂരിറ്റി ജോലിക്കാര്‍ 1800 ദിര്‍ഹവും സൂപ്പര്‍വൈസര്‍ ജോലിക്കാര്‍ 3000 ദിര്‍ഹവും നല്‍കണമെന്നായിരുന്നു ആവശ്യം. ഇത് നല്‍കിയശേഷം ഒരുമാസം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് ദേരയിലെ ഓഫിസിലെത്തിയ ഇവര്‍ കണ്ടത് അടഞ്ഞുകിടക്കുന്ന ഓഫിസാണ്. മാസങ്ങള്‍ക്കു മുമ്പ് തുറന്ന ഓഫിസിന്റെ ലൈസന്‍സിങ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസില്‍ പരാതി നല്‍കുന്നതിന് മൂന്നു ദിവസം മുമ്പ് സ്ഥാപന ഉടമ രാജ്യംവിട്ടതായി പൊലീസ് കണ്ടെത്തി. സ്ഥാപനത്തിലെ ജീവനക്കാരെ പൊലീസ് ചോദ്യംചെയ്‌തെങ്കിലും ഉടമയെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്തു ചെയ്യണമെന്നറിയാതെ കഷ്ടപ്പെടുകയാണ് ഒരു കൂട്ടം പ്രവാസികള്‍.
No comments:
Post a Comment