വാർഷിക വാടക ഒറ്റത്തവണയായി നൽകേണ്ടതില്ല; പ്രതിമാസമോ മറ്റ് തവണകളായോ അടയ്ക്കാൻ പുതിയ സൗകര്യം
ദുബൈ: എമിറേറ്റിലെ വാടകക്കാർക്ക് സാമ്പത്തികമായി കൂടുതൽ സൗകര്യമൊരുക്കുന്ന 'ഫ്ലെക്‌സി റെൻ്റ്' പദ്ധതി ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റ് (DLD) പ്രഖ്യാപിച്ചു. വാർഷിക വാടക തുക വലിയ ഒറ്റത്തവണകളായി നൽകുന്നതിന് പകരം, വാടകക്കാരുടെ വരുമാനവും സാമ്പത്തിക സാഹചര്യവും പരിഗണിച്ച് തവണകളായി അടയ്ക്കാൻ അനുവദിക്കുന്നതാണ് പുതിയ സംവിധാനം. ഭവന സ്ഥിരത വർധിപ്പിക്കുകയും വാടകക്കാരുടെ സാമ്പത്തിക ഭാരം കുറയ്ക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പുതിയ സംവിധാനപ്രകാരം വാടകക്കാർക്ക് പ്രതിമാസം, മൂന്ന് മാസത്തിലൊരിക്കൽ, അല്ലെങ്കിൽ ആറ് മാസത്തിലൊരിക്കൽ എന്നിങ്ങനെ തങ്ങൾക്ക് അനുയോജ്യമായ പേയ്മെന്റ് രീതി തിരഞ്ഞെടുക്കാം. ചില സാഹചര്യങ്ങളിൽ വാടക 12 മാസത്തെ തവണകളായി വരെ വിഭജിക്കാനും സൗകര്യമുണ്ടാകും. ദുബായിലെ പ്രമുഖ 12 റിയൽ എസ്റ്റേറ്റ് കമ്പനികളുമായി സഹകരിച്ചാണ് ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റ് പദ്ധതി നടപ്പാക്കുന്നത്.
തവണകളായി വാടക അടയ്ക്കുന്നതിനൊപ്പം കൂടുതൽ ഇളവുകളും പദ്ധതിയുടെ ഭാഗമാണ്. പ്രോപ്പർട്ടി ഉടമകളുടെയോ മാനേജ്മെന്റ് കമ്പനികളുടെയോ നയപ്രകാരം ഗ്രേസ് പിരീഡുകൾ, പുതുക്കിയ പേയ്മെന്റ് ഷെഡ്യൂളുകൾ, പ്രത്യേക ഓഫറുകൾ എന്നിവ ലഭിച്ചേക്കാം. കൂടാതെ, ചെക്ക് വൈകുന്നതുമായി ബന്ധപ്പെട്ട പിഴകളോ അധിക വാടക വർധനവോ ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ചെക്ക് തുടങ്ങിയ വിവിധ മാർഗങ്ങളിലൂടെ വാടക തുക അടയ്ക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

No comments:
Post a Comment