വിമാനത്തിൽ കയറും മുൻപ് 'എയർ സുവിധ 2.0' ആരോഗ്യ പ്രഖ്യാപനം നിർബന്ധം

വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; വിമാനത്തിൽ കയറും മുൻപ് 'എയർ സുവിധ 2.0' ആരോഗ്യ പ്രഖ്യാപനം നിർബന്ധം

എബോള ജാഗ്രതയുടെ ഭാഗമായി പുതിയ യാത്രാ നിബന്ധന; ഓൺലൈനായി ഫോം പൂരിപ്പിക്കണം

ദുബൈ: യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായി ഇന്ത്യൻ സർക്കാർ പുതിയ ആരോഗ്യ യാത്രാ പ്രോട്ടോകോൾ പ്രഖ്യാപിച്ചു. ഇനി മുതൽ വിമാനത്തിൽ കയറുന്നതിന് മുമ്പ് 'എയർ സുവിധ 2.0' (Air Suvidha 2.0) പോർട്ടൽ വഴി നിർബന്ധമായും ഓൺലൈൻ ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കണം. കോവിഡ് കാലത്ത് ഉപയോഗിച്ചിരുന്ന എയർ സുവിധ സംവിധാനം കൂടുതൽ സുരക്ഷാ സംവിധാനങ്ങളോടെ പുതുക്കിയാണ് വീണ്ടും നടപ്പിലാക്കിയത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലെ എബോള വൈറസ് വ്യാപനവും ലോകാരോഗ്യ സംഘടന (WHO) പ്രഖ്യാപിച്ച അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥയുമാണ് പുതിയ നടപടിക്ക് കാരണം.

യാത്രക്കാർ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് 24 മണിക്കൂർ മുൻപ് വരെ ഫോം പൂരിപ്പിക്കാം. വിമാനത്തിൽ ബോർഡിങ് ചെയ്യുന്നതിന് മുമ്പോ വെബ് ചെക്ക്-ഇൻ സമയത്തോ ഫോം നിർബന്ധമായും പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു. https://airsuvidha.civilaviation.gov.in/ എന്ന ഔദ്യോഗിക പോർട്ടൽ വഴിയാണ് ഫോം സമർപ്പിക്കേണ്ടത്. കഴിഞ്ഞ 21 ദിവസത്തെ യാത്രാ വിവരങ്ങളും എബോള രോഗലക്ഷണങ്ങൾ സംബന്ധിച്ച വിവരങ്ങളുമാണ് ഫോമിൽ നൽകേണ്ടത്.

ഫോം സമർപ്പിച്ച ശേഷം ലഭിക്കുന്ന ഡിജിറ്റൽ കോപ്പി മൊബൈലിൽ സൂക്ഷിച്ചാൽ മതിയാകും. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ എത്തുമ്പോൾ ഇന്റർനാഷണൽ ട്രാവൽ ഹെൽത്ത് ഡെസ്കിലോ ഇമിഗ്രേഷൻ കൗണ്ടറിലോ ഇത് കാണിച്ചാൽ മതി. പേപ്പർ ഫോം പൂരിപ്പിക്കേണ്ടതില്ല. ഇന്ത്യൻ ആരോഗ്യ മന്ത്രാലയം, സിവിൽ ഏവിയേഷൻ മന്ത്രാലയം, ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (DIAL) എന്നിവ സംയുക്തമായാണ് പുതിയ പോർട്ടൽ വികസിപ്പിച്ചത്. ഇമിഗ്രേഷൻ നടപടികളിലെ കാലതാമസം ഒഴിവാക്കാൻ യാത്രയ്ക്ക് മുൻപേ ഫോം പൂരിപ്പിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. കോവിഡ് കാലത്ത് നിലവിലുണ്ടായിരുന്ന എയർ സുവിധ സംവിധാനം 2022 നവംബറിൽ പിൻവലിച്ചിരുന്നെങ്കിലും, പുതിയ ആഗോള ആരോഗ്യ ഭീഷണിയെ തുടർന്നാണ് ഇത് വീണ്ടും നിർബന്ധമാക്കിയത്.



No comments:

Post a Comment