ഇത്തിഹാദ് റെയിലിൽ യാത്രയ്ക്ക് പുതിയ പെരുമാറ്റച്ചട്ടം; നിയമങ്ങൾ പാലിക്കണം, ലംഘിച്ചാൽ യാത്ര മുടങ്ങും


അബുദാബി: യുഎഇയിൽ യാത്രാ സർവീസ് ആരംഭിച്ച് രണ്ടാഴ്ച പിന്നിടുന്ന സാഹചര്യത്തിൽ, ഇത്തിഹാദ് റെയിൽ യാത്രക്കാർ ട്രെയിനിലും സ്റ്റേഷനുകളിലും പാലിക്കേണ്ട ഔദ്യോഗിക പെരുമാറ്റച്ചട്ടങ്ങൾ പുറത്തിറക്കി. യാത്ര സുരക്ഷിതവും എല്ലാവർക്കും സൗകര്യപ്രദവുമാക്കുകയാണ് മാർഗനിർദേശങ്ങളുടെ ലക്ഷ്യം. നിയമങ്ങൾ പാലിക്കാത്തവർക്ക് യാത്ര നിഷേധിക്കുകയോ, യാത്രയ്ക്കിടെ തന്നെ ട്രെയിനിൽ നിന്ന് ഇറങ്ങാൻ നിർദേശിക്കുകയോ ചെയ്യാം.

മാന്യമായ വസ്ത്രധാരണം നിർബന്ധമാണ്. ശരീരഭാഗങ്ങൾ അമിതമായി പ്രദർശിപ്പിക്കുന്നതോ, സുതാര്യമായതോ, മറ്റുള്ളവർക്ക് അസ്വസ്ഥത സൃഷ്ടിക്കുന്ന ചിത്രങ്ങളോ മുദ്രാവാക്യങ്ങളോ ഉള്ള വസ്ത്രങ്ങൾ അനുവദിക്കില്ല. മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ഹെഡ്‌ഫോൺ ഉപയോഗിക്കണം. ഉച്ചത്തിൽ സംസാരിക്കുകയോ മറ്റുള്ളവർക്ക് ശല്യമാകുന്ന തരത്തിൽ ശബ്ദമുണ്ടാക്കുകയോ പാടില്ല. അനുമതിയില്ലാതെ കച്ചവടം നടത്തൽ, പരസ്യപത്രങ്ങൾ വിതരണം ചെയ്യൽ, ഭിക്ഷാടനം എന്നിവയും നിരോധിച്ചിട്ടുണ്ട്.

പകർച്ചവ്യാധിയുള്ളവർ യാത്ര ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു. അപകടകാരികളായ വസ്തുക്കൾ ട്രെയിനിലോ സ്റ്റേഷനിലോ കൊണ്ടുവരാൻ പാടില്ല. അസഭ്യഭാഷ ഉപയോഗിക്കൽ, മറ്റുള്ളവരെ ഭീഷണിപ്പെടുത്തൽ, ക്യൂ പാലിക്കാതിരിക്കുക തുടങ്ങിയ പെരുമാറ്റങ്ങളും അനുവദിക്കില്ല. സിഗരറ്റും ഇ-സിഗരറ്റും (വേപ്പിങ്) പൂർണമായും നിരോധിച്ചിട്ടുള്ളതാണ്. ലഹരിവസ്തുക്കൾ കൈവശം വയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്താൽ കർശന നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.




No comments:

Post a Comment