അഭിപ്രായം പറയാം, പക്ഷേ വ്യക്തിഹത്യയും അപകീർത്തിപ്പെടുത്തലും നിയമക്കുരുക്കാകും
ദുബൈ: സോഷ്യൽ മീഡിയയിലോ മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലോ ഒരു സ്ഥാപനത്തെക്കുറിച്ച് നെഗറ്റീവ് റിവ്യൂ പങ്കുവെക്കുമ്പോൾ നിയമപരമായ പരിധികൾ പാലിക്കണമെന്ന് യു.എ.ഇയിലെ നിയമവിദഗ്ധരുടെ മുന്നറിയിപ്പ്. ഒരു ഉൽപന്നത്തെയോ സേവനത്തെയോ കുറിച്ചുള്ള വസ്തുതാപരമായ വിമർശനം അനുവദനീയമാണെങ്കിലും, അത് വ്യക്തികളെ അധിക്ഷേപിക്കുന്നതിലേക്കോ അപകീർത്തിപ്പെടുത്തുന്നതിലേക്കോ മാറിയാൽ നിയമനടപടി നേരിടേണ്ടിവരും. വിമർശനം സ്ഥാപനത്തിന്റെ സേവനങ്ങളിലോ ഉൽപന്നങ്ങളിലോ മാത്രം പരിമിതപ്പെടുത്തണമെന്നും വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കണമെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.
പ്രശസ്തമായ ഒരു റെസ്റ്റോറന്റിനെതിരെ അപകീർത്തികരമായ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഇൻഫ്ലുവൻസർക്ക് അബൂദബി കോടതി 81,000 ദിർഹം പിഴ ചുമത്തിയ സംഭവമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പിന് പിന്നിൽ. റെസ്റ്റോറന്റിന്റെ സേവനത്തെ വിമർശിക്കുന്നതിന് പകരം ഉടമയെ വ്യക്തിപരമായി അധിക്ഷേപിച്ചതാണ് കേസിന് കാരണമായത്. സംഭവത്തിൽ 30,000 ദിർഹം ക്രിമിനൽ പിഴയും ഫോൺ കണ്ടുകെട്ടലും വീഡിയോ നീക്കം ചെയ്യാനുള്ള ഉത്തരവും പുറപ്പെടുവിച്ചു. കൂടാതെ, പരാതിക്കാരന് താൽക്കാലിക നഷ്ടപരിഹാരമായി 51,000 ദിർഹം നൽകാനും കോടതി വിധിച്ചു.
യു.എ.ഇ നിയമപ്രകാരം തെളിവുകളില്ലാത്തതോ വ്യാജമോ ആയ ആരോപണങ്ങൾ ഉന്നയിക്കുന്നതും ഒരാളുടെ വ്യക്തിത്വത്തെയോ അന്തസ്സിനെയോ അപകീർത്തിപ്പെടുത്തുന്നതും ഗുരുതരമായ നിയമലംഘനമാണ്. സൈബർ ക്രൈം നിയമപ്രകാരം ഡിജിറ്റൽ മാധ്യമങ്ങളിലൂടെ നടത്തുന്ന ഇത്തരം അപകീർത്തിപ്പെടുത്തലുകൾക്ക് 2,50,000 മുതൽ 5,00,000 ദിർഹം വരെ പിഴയും രണ്ട് വർഷം വരെ തടവും ലഭിക്കാം. വിദേശികളായ പ്രതികൾക്ക് നാടുകടത്തൽ നടപടിയും നേരിടേണ്ടിവന്നേക്കാം. ഭക്ഷണത്തിന്റെ രുചി, വില, താമസസൗകര്യം തുടങ്ങിയ സ്വന്തം അനുഭവങ്ങൾ പങ്കുവെക്കുന്നത് സാധാരണയായി അനുവദനീയമാണെങ്കിലും, തെളിവില്ലാതെ ഒരു സ്ഥാപനത്തെ 'തട്ടിപ്പ്' എന്നും ഉടമയെ 'വഞ്ചകൻ' എന്നും വിശേഷിപ്പിക്കുന്നത് നിയമനടപടിക്ക് കാരണമാകാമെന്ന് അഭിഭാഷകർ മുന്നറിയിപ്പ് നൽകുന്നു.
No comments:
Post a Comment