1100-ലേറെ ബസുകളുടെ പ്രവർത്തനം തത്സമയം നിയന്ത്രിക്കാൻ പുതിയ 'ഡിസിഷൻ സപ്പോർട്ട് സിസ്റ്റം' അവതരിപ്പിച്ച് ആർടിഎ
ദുബായ്: പൊതുഗതാഗത ബസ് സർവീസുകൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നിയന്ത്രിക്കാൻ നിർമിതബുദ്ധി (AI) അടിസ്ഥാനമാക്കിയുള്ള പുതിയ 'ഡിസിഷൻ സപ്പോർട്ട് സിസ്റ്റം' റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അവതരിപ്പിച്ചു. 1100-ലേറെ ബസുകളുടെ സർവീസ് ഏകോപിപ്പിക്കാനും 26-ഓളം വ്യത്യസ്ത പ്രവർത്തന സാഹചര്യങ്ങൾ തത്സമയം വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാനും ഈ സംവിധാനത്തിന് കഴിയും. ദുബായ് മെട്രോ, ദുബായ് ട്രാം തുടങ്ങിയ മറ്റ് പൊതുഗതാഗത സംവിധാനങ്ങളിലെ മാറ്റങ്ങളും തിരക്കുകളും കണക്കിലെടുത്ത് ബസ് സർവീസുകൾ വേഗത്തിൽ പുനഃക്രമീകരിച്ച് യാത്രക്കാർക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുന്നതും ഇതിന്റെ പ്രധാന ലക്ഷ്യമാണ്.
നഗരത്തിന്റെ അതിവേഗ വളർച്ചയ്ക്കൊപ്പം പൊതുഗതാഗതം കൂടുതൽ സ്മാർട്ടും സുസ്ഥിരവുമാക്കാനുള്ള ആർടിഎയുടെ പദ്ധതിയുടെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പാക്കിയത്. അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സേവനങ്ങളുടെ കാര്യക്ഷമത ഉയർത്തുന്നതിനൊപ്പം, ദുബായെ ലോകോത്തര സ്മാർട്ട് സിറ്റിയാക്കി മാറ്റാനുള്ള കാഴ്ചപ്പാടിനും ഇത് പിന്തുണ നൽകുമെന്ന് ആർടിഎ വ്യക്തമാക്കി.
മുൻപ് അടിയന്തര സാഹചര്യങ്ങളിൽ ബസുകൾ അധികമായി സർവീസിന് വിന്യസിക്കാനോ ആവശ്യമായ തീരുമാനങ്ങൾ എടുക്കാനോ 30 മുതൽ 60 മിനിറ്റ് വരെ എടുത്തിരുന്നെങ്കിൽ, പുതിയ എഐ സംവിധാനം ഉപയോഗിച്ച് അത് ഒരു മിനിറ്റിൽ താഴെ സമയത്തിനുള്ളിൽ സാധ്യമാകും. ആർടിഎയുടെ ബസ് ഓപ്പറേഷൻസ് കൺട്രോൾ സെന്ററും കോർപറേറ്റ് ടെക്നോളജി സപ്പോർട്ട് സർവീസസ് സെക്ടറിന് കീഴിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെന്ററും ചേർന്നാണ് ഈ സംവിധാനം വികസിപ്പിച്ചത്. തത്സമയ വിവരങ്ങളും മെഷീൻ ലേണിങ് സാങ്കേതികവിദ്യയും ഉപയോഗിച്ച് ആവശ്യത്തിന് ഏറ്റവും അനുയോജ്യമായ ബസുകൾ തിരഞ്ഞെടുക്കുകയും, ഗതാഗത ശൃംഖലയുടെ വിശ്വാസ്യതയും സേവന നിലവാരവും കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
.jpeg)
No comments:
Post a Comment