ദുബായ് മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറിൽ വൻ നവീകരണം; നിലവിലെ പ്രദർശനങ്ങൾ സെപ്റ്റംബർ മധ്യത്തോടെ അവസാനിക്കും

 അഞ്ചാം വാർഷികത്തോടനുബന്ധിച്ച് 2027-ൽ പുതിയ തലമുറയ്ക്കായുള്ള അത്യാധുനിക അനുഭവങ്ങളുമായി മ്യൂസിയം തിരിച്ചെത്തും

ദുബായ്: നഗരത്തിലെ പ്രധാന വിനോദ-വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായ മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ ഈ വർഷം സെപ്റ്റംബർ മധ്യത്തോടെ നിലവിലെ പ്രദർശനങ്ങൾ അവസാനിപ്പിക്കും. തുടർന്ന്, അടുത്ത തലമുറയുടെ പ്രതീക്ഷകൾക്കൊത്ത് പുതിയ സാങ്കേതികവിദ്യകളും കൂടുതൽ ആകർഷകമായ അനുഭവങ്ങളും ഉൾപ്പെടുത്തി മ്യൂസിയം നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും.

മ്യൂസിയത്തിന്റെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായാണ് ഈ വിപുലമായ മാറ്റങ്ങൾ നടപ്പാക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി 2027-ൽ പുതിയ പ്രദർശനങ്ങൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാണ് അധികൃതരുടെ ലക്ഷ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ചായിരിക്കും പുതിയ അനുഭവങ്ങൾ രൂപകൽപന ചെയ്യുക.

ഭാവിയെക്കുറിച്ചുള്ള പുതുമയാർന്ന ആശയങ്ങൾ പങ്കുവയ്ക്കാൻ മ്യൂസിയം അടുത്തിടെ പൊതുജനങ്ങളിൽ നിന്ന് നിർദേശങ്ങൾ ക്ഷണിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ച ആയിരത്തിലേറെ ആശയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്ന മികച്ച നിർദേശങ്ങൾ പുതിയ പ്രദർശനങ്ങളുടെ ഭാഗമാകും. വരും ദശകങ്ങളിലെ സാമ്പത്തിക, സാമൂഹിക, ശാസ്ത്ര-സാങ്കേതിക മാറ്റങ്ങളെ കൂടുതൽ അടുത്തറിയാനും അവയുമായി സംവദിക്കാനുമുള്ള അവസരം സന്ദർശകർക്ക് ഒരുക്കുന്നതായിരിക്കും പുതിയ മ്യൂസിയം അനുഭവങ്ങൾ.





No comments:

Post a Comment