ഓൺലൈൻ ബിസിനസിലേക്ക് വനിതകൾക്ക് കൈത്താങ്ങ്; 1,000 പേർക്ക് 36 ലക്ഷം ദിർഹം സഹായം

ഷാർജ: ഓൺലൈൻ വാണിജ്യ രംഗത്തേക്ക് കടക്കാൻ ആഗ്രഹിക്കുന്ന 1,000 വനിതകൾക്ക് സാമ്പത്തിക പിന്തുണ നൽകുന്ന പുതിയ പദ്ധതിയുമായി ഷാർജ ബിസിനസ് വിമൻസ് കൗൺസിൽ. പാക്ക്‌മാൻ പോർട്ടലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വനിതകൾക്ക് സൗജന്യ പരിശീലനവും സാങ്കേതിക സഹായവും ലഭ്യമാക്കും. സംരംഭകത്വം, ഡിജിറ്റൽ കൊമേഴ്‌സ്, ഇ-കൊമേഴ്‌സ് സ്റ്റോർ മാനേജ്‌മെന്റ്, ഡിജിറ്റൽ മാർക്കറ്റിങ്, ബിസിനസ് വളർച്ച തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക ശിൽപശാലകളും സംഘടിപ്പിക്കും.

പദ്ധതിയുടെ ഭാഗമായി ഓരോ വനിതയ്ക്കും പ്രതിവർഷം 3,600 ദിർഹം മൂല്യമുള്ള സമഗ്ര ഓൺലൈൻ സ്റ്റോർ സൗജന്യമായി ലഭിക്കും. സ്വന്തം വെബ്‌സൈറ്റ്, പേയ്‌മെന്റ് ഗേറ്റ്‌വേ, ഉൽപന്ന മാനേജ്‌മെന്റ് സംവിധാനം, അഡ്മിനിസ്‌ട്രേറ്റീവ് ഡാഷ്‌ബോർഡ്, ഇഷ്ടാനുസൃത ഡിസൈൻ സൗകര്യങ്ങൾ എന്നിവ സ്റ്റോറിൽ ഉൾപ്പെടും. ഇതിനൊപ്പം പ്രായോഗിക പരിശീലനവും തുടർച്ചയായ സാങ്കേതിക പിന്തുണയും നൽകും. സ്ത്രീകൾക്ക് സ്വന്തമായുള്ള ബിസിനസുകളുടെ ഓൺലൈൻ സാന്നിധ്യം ശക്തിപ്പെടുത്താനും കൂടുതൽ വിപണികളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതി സഹായകമാകും.

ആദ്യ വർഷം കുറഞ്ഞത് 365 ഉപഭോക്തൃ ഓർഡറുകൾ നേടുന്ന ബിസിനസുകൾക്ക് രണ്ടാം വർഷം സൗജന്യ ഇ-കൊമേഴ്‌സ് സ്റ്റോർ സേവനങ്ങൾ ലഭിക്കുന്നതിന് അർഹതയുണ്ടാകും. ഷാർജ ബിസിനസ് വിമൻസ് കൗൺസിൽ ഡയറക്ടർ മറിയം ബിൻ അൽ ശൈഖും പാക്ക്‌മാൻ പോർട്ടൽ എൽഎൽസിയുടെ സഹസ്ഥാപകനും ചീഫ് സ്ട്രാറ്റജി ഓഫീസറുമായ മുഹമ്മദ് അൽ റാശിദും ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവെച്ച ചടങ്ങിലാണ് പുതിയ സംരംഭം പ്രഖ്യാപിച്ചത്.



No comments:

Post a Comment