മിഠായിയിലും എ4 പേപ്പറിലും മയക്കുമരുന്ന്; യു.എ.ഇയിൽ ജാഗ്രതാ മുന്നറിയിപ്പ്

കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ടുള്ള പുതിയ കടത്തുരീതികൾക്കെതിരെ രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും മുന്നറിയിപ്പ്

അബൂദബി: കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് മയക്കുമരുന്ന് കടത്തുന്ന പുതിയ രീതികൾക്കെതിരെ യു.എ.ഇ നാഷനൽ ആന്റി നാർക്കോട്ടിക്സ് അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. മിഠായികൾക്കുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചും എ4 പേപ്പറിൽ മയക്കുമരുന്ന് ലായനി കലർത്തിയും കടത്തുന്നതായി സുരക്ഷാ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. സർപ്രൈസ് ഗിഫ്റ്റുകളെന്ന പേരിലും അപരിചിതരായ വ്യക്തികളിൽ നിന്നുള്ള കൊറിയർ, ഡെലിവറി പാഴ്സലുകളിലൂടെയും മയക്കുമരുന്ന് എത്തിക്കുന്ന രീതികളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

മയക്കുമരുന്ന് ലായനി എ4 പേപ്പറിൽ കലർത്തി കടത്തുന്നത് തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള രീതിയാണെന്ന് അധികൃതർ വ്യക്തമാക്കി. അജ്ഞാത നമ്പറുകളിൽ നിന്നോ പരിചയമില്ലാത്ത വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ എത്തുന്ന സമ്മാനങ്ങൾ, ഡെലിവറികൾ, സംശയകരമായ പാഴ്സലുകൾ എന്നിവ സ്വീകരിക്കുന്നതിൽ ജാഗ്രത പാലിക്കണം. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ കുടുംബമാണ് ആദ്യ പ്രതിരോധ നിരയെന്നും കുട്ടികളുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും ഉണ്ടാകുന്ന അസാധാരണ മാറ്റങ്ങൾ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അതോറിറ്റി നിർദേശിച്ചു.

മയക്കുമരുന്ന് ഉപയോഗത്തെ ഭയമോ അപമാനഭീതിയോ കാരണം മറച്ചുവെക്കുകയോ ചികിത്സ വൈകിപ്പിക്കുകയോ ചെയ്യരുതെന്നും അധികൃതർ വ്യക്തമാക്കി. മയക്കുമരുന്ന് അടിമത്തത്തെ ഒരു രോഗമായി കണ്ട് ആവശ്യമായ ചികിത്സയും പിന്തുണയും നൽകണം. രഹസ്യസ്വഭാവത്തോടെയുള്ള സഹായത്തിനും ചികിത്സാ പിന്തുണയ്ക്കുമായി 80044 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. അതേസമയം, അതിർത്തികളിലെ കസ്റ്റംസ് പരിശോധന കൂടുതൽ ശക്തമാക്കുന്നതിനായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുമായി സഹകരിച്ച് നടപടികൾ ശക്തമാക്കിയതായി മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി അറിയിച്ചു.



No comments:

Post a Comment