ഓഗസ്റ്റ് 31ന് സുരക്ഷിതമായി വാഹനമോടിക്കുന്നവർക്ക് ആനുകൂല്യം; ഓഗസ്റ്റ് 17 മുതൽ രജിസ്ട്രേഷൻ
അബുദാബി:പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ദിനമായ ഓഗസ്റ്റ് 31ന് ട്രാഫിക് നിയമങ്ങൾ പാലിച്ച് അപകടങ്ങളൊന്നും ഉണ്ടാക്കാതെ വാഹനമോടിക്കുന്നവർക്ക് ഡ്രൈവിങ് ലൈസൻസിലെ നാല് ബ്ലാക്ക് ട്രാഫിക് പോയിന്റുകൾ ഒഴിവാക്കിക്കിട്ടും. ഫെഡറൽ ട്രാഫിക് കൗൺസിലിന്റെയും രാജ്യത്തെ വിവിധ പൊലീസ് സേനകളുടെയും സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയമാണ് ‘ആക്സിഡന്റ്-ഫ്രീ ഡേ’ ദേശീയ ക്യാംപെയ്ൻ പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 17 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ ലിങ്ക് വഴി സുരക്ഷാ പ്രതിജ്ഞയെടുത്ത് ഡ്രൈവർമാർക്ക് രജിസ്റ്റർ ചെയ്യാം. രാജ്യവ്യാപകമായി ഓഗസ്റ്റ് 31നാണ് സ്കൂളുകൾ തുറക്കുന്നത്.
വേനലവധിക്ക് ശേഷം വിദ്യാർഥികൾ സ്കൂളുകളിലേക്ക് മടങ്ങിയെത്തുന്നതോടെ റോഡുകളിൽ തിരക്ക് വർധിക്കും. സ്കൂൾ ബസുകളും മാതാപിതാക്കളുടെ വാഹനങ്ങളും കൂടുതലായി നിരത്തിലിറങ്ങുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുകയാണ് ക്യാംപെയ്‌ന്റെ പ്രധാന ലക്ഷ്യം. സ്കൂളുകൾക്ക് സമീപത്തെ വേഗപരിധി കർശനമായി പാലിക്കുക, ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക, നിശ്ചിത പാതകളിൽ മാത്രം വാഹനമോടിക്കുക, മറ്റ് വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കുക, റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുക, യാത്ര തുടങ്ങും മുമ്പ് വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഡ്രൈവർമാർ പാലിക്കേണ്ട പ്രധാന നിർദേശങ്ങൾ.
2025ൽ നടന്ന സമാന ക്യാംപെയ്‌നിൽ മൂന്ന് ലക്ഷത്തിലധികം ഡ്രൈവർമാർ രജിസ്റ്റർ ചെയ്ത് പങ്കെടുത്തിരുന്നു. ലൈസൻസ് സസ്പെൻഷന് കാരണമാകാവുന്ന 24 ബ്ലാക്ക് പോയിന്റുകൾ വരെ ലഭിച്ച ഡ്രൈവർമാർക്കും ഇത്തവണത്തെ നാല് പോയിന്റ് ഒഴിവാക്കൽ ആശ്വാസമാകും. എന്നാൽ ഓഗസ്റ്റ് 31ലെ ഒരു ദിവസത്തെ ചാലഞ്ചായി മാത്രം ഇതിനെ കാണാതെ സുരക്ഷിതമായ ഡ്രൈവിങ് ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ക്യാംപെയ്‌ൻ മേധാവിയും ദുബായ് പൊലീസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടറുമായ ബ്രിഗേഡിയർ ജുമാ സേലം ബിൻ സുവൈദാൻ ഓർമിപ്പിച്ചു.

No comments:
Post a Comment