ദുബൈ: യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് ചില ഇമിഗ്രേഷൻ കൺസൾട്ടൻസികൾ വഴി തട്ടിപ്പുകൾ നടക്കുന്നതായി മുന്നറിയിപ്പ്. വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് വലിയ തുക നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം. കൺസൾട്ടൻസിയെ സമീപിക്കുന്നതിന് മുമ്പ് സ്ഥാപനത്തിന് യുഎഇയിൽ സാധുവായ ട്രേഡ് ലൈസൻസുണ്ടോ എന്ന് ഉറപ്പാക്കണം.
ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി മാത്രം സേവനം വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളോട് പ്രത്യേക ജാഗ്രത പാലിക്കണം. ഏതെങ്കിലും കരാറിൽ ഒപ്പിടുന്നതിന് മുമ്പ് എല്ലാ നിബന്ധനകളും കൃത്യമായി വായിച്ച് മനസ്സിലാക്കണം. പ്രത്യേകിച്ച് പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട റീഫണ്ട് വ്യവസ്ഥകൾ എന്താണെന്ന് വ്യക്തമായി പരിശോധിച്ച ശേഷമേ കരാറിൽ ഏർപ്പെടാവൂ.
വാഗ്ദാനം ചെയ്ത സേവനം ലഭിക്കാതിരിക്കുകയോ കരാർ പ്രകാരമുള്ള റീഫണ്ട് നൽകാതിരിക്കുകയോ ചെയ്താൽ നിയമപരമായ നടപടികൾ സ്വീകരിക്കാം. ആവശ്യമായ സാഹചര്യത്തിൽ പോലീസിനും ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകുന്നതിനൊപ്പം സിവിൽ കേസ് ഉൾപ്പെടെയുള്ള നിയമനടപടികളും സ്വീകരിക്കാം. അതിനാൽ വിദേശത്തേക്ക് കുടിയേറുന്നതിനായി വലിയ തുക നൽകുന്നതിന് മുമ്പ് കൺസൾട്ടൻസിയുടെ നിയമപരമായ രേഖകളും കരാർ വ്യവസ്ഥകളും വിശദമായി പരിശോധിച്ച ശേഷം മാത്രം പണം കൈമാറണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

No comments:
Post a Comment