സേവനങ്ങൾ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കാൻ ദുബായ് ജിഡിആർഎഫ്എ ധാരണാപത്രം ഒപ്പുവച്ചു
ദുബായ്: ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസി തൊഴിലാളികൾക്കായി ദുബായിൽ നടപ്പാക്കുന്ന ക്ഷേമപദ്ധതികളും ബോധവൽക്കരണ പ്രവർത്തനങ്ങളും കൂടുതൽ ഡിജിറ്റൽ സംവിധാനത്തിലേക്ക്. തൊഴിലാളികൾക്കുള്ള വിവിധ സേവനങ്ങൾ വെർച്വൽ പ്ലാറ്റ്‌ഫോമുകളിലൂടെ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് യുഎഇ ആസ്ഥാനമായ ‘അഡ്വാന്റേജ് ടെക്നോളജി’യുമായി ദുബായ് ജിഡിആർഎഫ്എ ധാരണാപത്രം ഒപ്പുവച്ചത്.
കരാറിൽ ദുബായ് ജിഡിആർഎഫ്എ ലേബർ റിലേഷൻസ് റെഗുലേഷൻ സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ ഒമർ മത്തർ അൽ മസീനയും അഡ്വാന്റേജ് ടെക്നോളജി ഉടമ ഫൈസൽ അബ്ദുൽ അസീസ് അബ്ദുല്ല അൽ സറൂനിയും ഒപ്പുവച്ചു. തൊഴിലാളികൾക്ക് ആവശ്യമായ വിവരങ്ങളും സേവനങ്ങളും കൂടുതൽ സൗകര്യപ്രദമായി ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ദുബായുടെ ഡിജിറ്റൽ പരിവർത്തന കാഴ്ചപ്പാടിന് കൂടുതൽ കരുത്ത് പകരുന്നതിനൊപ്പം സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്താനും ഈ സംരംഭം ലക്ഷ്യമിടുന്നു. ഇതിലൂടെ സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയും പ്രവാസി തൊഴിലാളികൾക്ക് കൂടുതൽ കാര്യക്ഷമമായ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.

No comments:
Post a Comment