വിവാഹമോചിതരായ മാതാപിതാക്കൾ മക്കളുടെ ചെലവ് പങ്കിടണം

ജർമൻ നിയമപ്രകാരം അബൂദബി കോടതിയുടെ നിർണായക ഉത്തരവ്

അബുദബി:വിവാഹമോചിതരായ ജർമൻ ദമ്പതികളുടെ രണ്ട് മക്കളുടെ സംരക്ഷണച്ചെലവ് മാതാവും പിതാവും തുല്യമായി വഹിക്കണമെന്ന് അബൂദബി സിവിൽ ഫാമിലി കോടതി ഉത്തരവിട്ടു. പിതാവിന്റെ പ്രത്യേക അഭ്യർഥനയും സമർപ്പിച്ച രേഖകളും പരിഗണിച്ചാണ് ജർമൻ സിവിൽ കോഡിലെ വ്യവസ്ഥകൾ പ്രകാരം കോടതി വിധി പുറപ്പെടുവിച്ചത്. കുട്ടികളുടെ പ്രതിമാസ ചെലവ്, സ്കൂൾ ഫീസ്, ഹെൽത്ത് ഇൻഷുറൻസ്, ചികിത്സ, യാത്ര തുടങ്ങിയ ചെലവുകൾ ഇരുവരും 50 ശതമാനം വീതം വഹിക്കണം.

അഞ്ചും പന്ത്രണ്ടും വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് ദമ്പതികൾക്കുള്ളത്. വിദേശികൾക്ക് സ്വന്തം രാജ്യത്തെ കുടുംബനിയമം തിരഞ്ഞെടുക്കാൻ യു.എ.ഇ വ്യക്തിനിയമം (Federal Law No. 41 of 2022) അനുമതി നൽകുന്നുണ്ട്. ജർമൻ നിയമത്തിലെ കുട്ടികളുടെ പ്രായം അടിസ്ഥാനമാക്കിയുള്ള പെയ്മെന്റ് സ്ലാബുകൾ പരിശോധിച്ച കോടതി, മൂത്ത മകൾക്ക് പ്രതിമാസം 5,000 ദിർഹവും ഇളയ മകൾക്ക് 4,000 ദിർഹവും ജീവനാംശമായി നിശ്ചയിച്ചു. ഇതിന്റെ പകുതി വീതം മാതാവും പിതാവും നൽകണമെന്നാണ് ഉത്തരവ്.

ഇരുവരും ദുബൈയിലാണ് താമസിക്കുന്നതെന്നും അതിനാൽ അബൂദബി കോടതിക്ക് കേസ് പരിഗണിക്കാൻ അധികാരമില്ലെന്നുമുള്ള മാതാവിന്റെ വാദം കോടതി തള്ളി. പിതാവിന് അബൂദബിയിൽ സാധുവായ റെസിഡൻസ് പെർമിറ്റുണ്ടെന്നത് പരിഗണിച്ചാണ് കേസ് സ്വീകരിച്ചത്. കുട്ടികളുടെ സംരക്ഷണ ഉത്തരവാദിത്തം ഇരുവർക്കും തുല്യമാണെന്നും കുട്ടികൾക്ക് സ്വന്തമായി വരുമാനമില്ലെന്നും കണക്കിലെടുത്താണ് സാമ്പത്തിക ബാധ്യത പങ്കിട്ടത്. വിദേശ നിയമങ്ങൾ യു.എ.ഇയിൽ സ്വമേധയാ നടപ്പാകില്ലെന്നും, അപേക്ഷയും സർട്ടിഫൈഡ് നിയമരേഖകളും സമർപ്പിച്ചാൽ മാത്രമേ കോടതികൾ അവ പരിഗണിക്കുകയുള്ളൂവെന്നും അഭിഭാഷകൻ വ്യോൺ ജെയിംസ് പറഞ്ഞു. വിദേശ നിയമം യു.എ.ഇ പ്രാദേശിക കോടതി വിശദമായി പരിശോധിച്ച് നടപ്പാക്കിയതിന്റെ ശ്രദ്ധേയമായ ഉദാഹരണമാണ് വിധിയെന്നും അദ്ദേഹം വ്യക്തമാക്കി.




No comments:

Post a Comment