വരാനിരിക്കുന്ന മാറ്റങ്ങൾ മുൻകൂട്ടി കണ്ടെത്തി നൂതന സുരക്ഷാ പദ്ധതികളാക്കുകയാണ് ലക്ഷ്യം
ദുബൈ:ഭാവിയിലെ വെല്ലുവിളികളും സാധ്യതകളും മുൻകൂട്ടി തിരിച്ചറിഞ്ഞ് അവയെ ആധുനിക സുരക്ഷാ പദ്ധതികളാക്കി മാറ്റുന്നതിനായി ‘ഹൊറൈസൺ എക്സ്’ എന്ന പുതിയ സംരംഭവുമായി ദുബൈ പോലീസ്. നാളെയുടെ ആവശ്യങ്ങൾക്കനുസരിച്ച് പോലീസ് സേവനങ്ങളും പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ദുബൈ പോലീസിലെ ഫ്യൂച്ചർ ഫോർസൈറ്റ് സെന്ററിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
വിപണിയിലും സാങ്കേതികവിദ്യയിലും ഉണ്ടാകുന്ന പുതിയ മാറ്റങ്ങൾ നേരത്തെ മനസ്സിലാക്കി ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന പ്രായോഗിക പദ്ധതികളാക്കി മാറ്റാൻ പോലീസ് സ്റ്റേഷനുകൾക്കും വിവിധ വിഭാഗങ്ങൾക്കും ‘ഹൊറൈസൺ എക്സ്’ മാർഗനിർദേശം നൽകും. ഭാവിയിൽ സംഭവിക്കാനിടയുള്ള മാറ്റങ്ങൾ ഇന്നുതന്നെ തിരിച്ചറിഞ്ഞ് ആവശ്യമായ പരിഹാരങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് ഫ്യൂച്ചർ ഫോർസൈറ്റ് സെന്റർ ഡയറക്ടർ ബ്രിഗേഡിയർ ഹംദാൻ അൽ ഗാസി പറഞ്ഞു. ദുബൈ ഫ്യൂച്ചർ റെഡിനസ് ഇൻഡക്സിന്റെ അഞ്ച് പ്രധാന തൂണുകളെ അടിസ്ഥാനമാക്കിയാണ് പദ്ധതി മുന്നോട്ട് പോകുന്നത്.
പോലീസ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ആഗോള നിലവാരത്തിലുള്ള സുരക്ഷാ മാതൃകകൾ വികസിപ്പിക്കാനും പദ്ധതി സഹായിക്കുമെന്ന് ഫ്യൂച്ചർ ഫോർസൈറ്റ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ കേണൽ ഉമർ ഖലീഫ ബൽ ഉബൈദ വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി ദുബൈ പോലീസിലെ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് പ്രത്യേക വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കും. ഇവയിൽ ഉയർന്നുവരുന്ന ആശയങ്ങളുടെ പ്രായോഗികതയും സുരക്ഷാ മേഖലയിലെ പ്രാധാന്യവും വിലയിരുത്തിയ ശേഷമായിരിക്കും അനുയോജ്യമായ പദ്ധതികൾ തിരഞ്ഞെടുക്കുക.
No comments:
Post a Comment