ലിഫ്റ്റ് സുരക്ഷ ഉറപ്പാക്കാത്ത കെട്ടിട ഉടമകൾക്കെതിരെ നടപടി ശക്തമാക്കുന്നു
അബൂദബി:കെട്ടിടങ്ങളിലെ ലിഫ്റ്റുകളുടെ സുരക്ഷയും കൃത്യമായ പരിപാലനവും ഉറപ്പാക്കാത്ത ഉടമകൾക്കെതിരെ നടപടികൾ ശക്തമാക്കി അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി. അംഗീകൃത സ്ഥാപനവുമായി ലിഫ്റ്റ് മെയിന്റനൻസ് കരാർ ഇല്ലെന്ന് കണ്ടെത്തിയാൽ കെട്ടിട ഉടമയ്ക്ക് 5,000 ദിർഹം പിഴ ചുമത്തും. നിലവിലുള്ള കെട്ടിടങ്ങൾക്കും നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾക്കും മറ്റ് സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. എന്നാൽ സ്വകാര്യ വില്ലകളും വ്യക്തിഗത വീടുകളും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഫയർ സേഫ്റ്റി, പ്രതിരോധ സംവിധാനങ്ങൾ എന്നിവയിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതിനും 10,000 ദിർഹം പിഴ ചുമത്തും. അനുമതിയില്ലാതെ കെട്ടിടത്തിന്റെ മുകളിലോ മുൻവശത്തോ പരസ്യ ബോർഡുകൾ സ്ഥാപിച്ചാലും 10,000 ദിർഹം പിഴ ഈടാക്കും. കെട്ടിട സുരക്ഷയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കെതിരെ പരിശോധനകളും നടപടികളും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
2012ലെ 24-ാം നമ്പർ മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ. ലിഫ്റ്റുകളുടെയും അനുബന്ധ സംവിധാനങ്ങളുടെയും സുരക്ഷാ പരിശോധനയും ആവശ്യമായ അറ്റകുറ്റപ്പണികളും അടിയന്തരമായി പൂർത്തിയാക്കണമെന്ന് കെട്ടിട ഉടമകളോട് അബൂദബി സിവിൽ ഡിഫൻസ് നിർദേശിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അംഗീകൃത സ്ഥാപനങ്ങളുടെ സേവനം ഉപയോഗിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.

No comments:
Post a Comment