ദുബൈ പൊലീസിന്റെ മുന്നറിയിപ്പ്: കുട്ടികളുടെ ഓൺലൈൻ ഗെയിമിങ്ങിൽ ജാഗ്രത

ഗെയിമിങ് ലിങ്കുകൾ വഴി അപകടകരമായ ആശയവിനിമയങ്ങൾക്ക് സാധ്യത; രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് പൊലീസ്

ദുബൈ:വേനലവധിക്കാലത്ത് കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് കൂടുതൽ സമയം ചെലവഴിക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി. ഹ്യൂമൻ റൈറ്റ്സ് വിഭാഗത്തിന് കീഴിലെ ചൈൽഡ് ആൻഡ് വുമൺ പ്രൊട്ടക്ഷൻ ഡിപ്പാർട്മെന്റാണ് നിർദേശം നൽകിയത്. ‘ഔർ ചിൽഡ്രൻസ് സേഫ്റ്റി ദിസ് സമ്മർ’ എന്ന ബോധവൽക്കരണ ക്യാംപയിന്റെ ഭാഗമായാണ് മുന്നറിയിപ്പ്. വിനോദത്തിനായി ഉപയോഗിക്കുന്ന ഗെയിമിങ് ലിങ്കുകളിൽ പോലും കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഉള്ളടക്കങ്ങളും ബന്ധപ്പെടാനുള്ള അവസരങ്ങളും ഒളിഞ്ഞിരിക്കാമെന്ന് പൊലീസ് വ്യക്തമാക്കി.

ചില ലിങ്കുകൾ കുട്ടികളെ അപരിചിതരുമായി ചാറ്റ് ചെയ്യുന്നതിലേക്കും അപകടകരമായ ആശയവിനിമയങ്ങളിലേക്കും നയിച്ചേക്കാം. അതിനാൽ കുട്ടികൾ സന്ദർശിക്കുന്ന ലിങ്കുകൾ, ബ്രൗസ് ചെയ്യുന്ന ഉള്ളടക്കങ്ങൾ, ഉപയോഗിക്കുന്ന ഗെയിമിങ് പ്ലാറ്റ്‌ഫോമുകൾ, ഇൻ-ഗെയിം ചാറ്റുകൾ, ഓൺലൈൻ സുഹൃദ്‌വലയം എന്നിവ രക്ഷിതാക്കൾ നിരീക്ഷിക്കണം. ഉപകരണങ്ങളിൽ ആവശ്യമായ പ്രൈവസി സെറ്റിങ്സും പാരന്റൽ കൺട്രോളുകളു സജ്ജമാക്കണമെന്നും പൊലീസ് നിർദേശിച്ചു. സംശയാസ്പദമായ സന്ദേശങ്ങളോ ലിങ്കുകളോ ലഭിച്ചാൽ ഉടൻ മാതാപിതാക്കളെ അറിയിക്കാൻ കുട്ടികൾക്ക് നിർദേശം നൽകണമെന്നും അധികൃതർ ഓർമിപ്പിച്ചു.

ഓൺലൈൻ ഗെയിമുകളുമായി ബന്ധപ്പെട്ട് സൈബർ കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബൈ പൊലീസിന്റെ ‘ഇ-ക്രൈം’ പ്ലാറ്റ്‌ഫോം വഴി റിപ്പോർട്ട് ചെയ്യാം. കൂടാതെ 901 എന്ന നമ്പറിലൂടെയും ദുബൈ പൊലീസിന്റെ ഔദ്യോഗിക ആപ്പും വെബ്സൈറ്റും വഴിയും വിവരങ്ങൾ കൈമാറാം. കുട്ടികൾക്ക് സുരക്ഷിതവും സന്തോഷകരവുമായ വേനലവധിക്കാലം ഉറപ്പാക്കാൻ രക്ഷിതാക്കൾ ഓൺലൈൻ പ്രവർത്തനങ്ങളിൽ ആവശ്യമായ ശ്രദ്ധ പുലർത്തണമെന്നും പൊലീസ് അഭ്യർഥിച്ചു.




No comments:

Post a Comment