സൗരോർജ ഡിജിറ്റൽ ബോർഡുകളിൽ ബസ് സമയവും സർവിസ് വിവരങ്ങളും
ഷാർജ: ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്ക് ഇനി ബസ് എത്താൻ എത്ര മിനിറ്റ് ബാക്കിയുണ്ടെന്ന് ബസ് സ്റ്റോപ്പിൽ നിന്നുതന്നെ തത്സമയം അറിയാം. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) ആരംഭിച്ച പുതിയ സംവിധാനത്തിലൂടെയാണ് ബസ് എത്തുന്ന സമയം, സർവിസ് അറിയിപ്പുകൾ, റൂട്ടിലോ സർവിസിലോ ഉണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയ വിവരങ്ങൾ ഡിജിറ്റൽ ബോർഡുകളിൽ ലഭ്യമാക്കുന്നത്. എയർ കണ്ടീഷൻ ചെയ്തതും നവീകരിച്ചതുമായ ബസ് സ്റ്റോപ്പുകളിലും പ്രധാന ബസ് സ്റ്റേഷനുകളിലുമാണ് സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ വിവരഫലകങ്ങൾ സ്ഥാപിക്കുന്നത്. പദ്ധതി ഘട്ടംഘട്ടമായി കൂടുതൽ സ്റ്റോപ്പുകളിലേക്കും വ്യാപിപ്പിക്കും.
പൊതുഗതാഗതം കൂടുതൽ സ്മാർട്ടും സൗകര്യപ്രദവും സുസ്ഥിരവുമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. ബസ് എത്തുന്ന സമയം മുൻകൂട്ടി അറിയാൻ കഴിയുന്നതോടെ യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനും യാത്ര കൂടുതൽ എളുപ്പമാക്കാനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, ഒമാനിലേക്കുള്ള ഷാർജ അന്തർനഗര ബസ് സർവിസിലും മാറ്റമുണ്ട്. ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിൽ നിന്ന് സോഹാർ വഴി മസ്കത്തിലേക്ക് പോകുന്ന 203-ാം നമ്പർ സർവിസ് ദിവസത്തിൽ മൂന്ന് ട്രിപ്പുകളായി വർധിപ്പിച്ചു. യു.എ.ഇ നിവാസികൾക്കിടയിൽ ഒമാനിലേക്കുള്ള യാത്രയുടെ ആവശ്യം വർധിച്ചതിനെ തുടർന്നാണ് സർവിസ് വർധിപ്പിച്ചത്.
No comments:
Post a Comment