സുഹാറിൽ നിന്ന് അബൂദബിയിലേക്ക് ഇനി 100 മിനിറ്റിൽ എത്താം
അബൂദബി:ഒമാനും യു.എ.ഇയും തമ്മിലുള്ള അതിവേഗ റെയിൽ ശൃംഖല യാഥാർഥ്യമാക്കുന്നതിനുള്ള ഉഭയകക്ഷി കരാറിന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഔദ്യോഗിക അംഗീകാരം നൽകി. ഇതോടെ ഏകദേശം 2.5 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഹഫീത് റെയിൽ പദ്ധതിയുടെ പ്രധാന നിയമനടപടികൾ പൂർത്തിയായി. ജൂൺ 21ന് ഇരുരാജ്യങ്ങളും ഒപ്പുവെച്ച ചരിത്രകരാറിനാണ് രാജകീയ ഉത്തരവിലൂടെ ഒമാൻ അംഗീകാരം നൽകിയത്. 238 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപാത ഒമാനിലെ സുഹാറിനെ അൽ ബുറൈമി, അൽ ഐൻ വഴി യു.എ.ഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലുമായി ബന്ധിപ്പിക്കും.
ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബദല ഇൻവെസ്റ്റ്മെന്റ് കമ്പനി എന്നിവയുടെ സംയുക്ത സംരംഭമായ ഹഫീത് റെയിലാണ് പദ്ധതി നടപ്പാക്കുന്നത്. റെയിൽപാത യാഥാർഥ്യമാകുന്നതോടെ യാത്രാ ട്രെയിനുകൾ മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കും. ഇതുവഴി സുഹാറിൽ നിന്ന് അൽ ഐനിലേക്ക് ഏകദേശം 47 മിനിറ്റിലും അബൂദബിയിലേക്ക് 100 മിനിറ്റിലും എത്താനാകും. യാത്രാ സർവീസുകൾക്ക് പുറമെ അതിവേഗ ചരക്ക് ഗതാഗതവും പദ്ധതിയുടെ പ്രധാന സവിശേഷതയാണ്. ഒരു ചരക്ക് ട്രെയിനിന് 15,000 ടണ്ണിലധികം ചരക്കും ഏകദേശം 270 സ്റ്റാൻഡേർഡ് കണ്ടെയ്‌നറുകളും വഹിക്കാനാകും. ഖനനം, സ്റ്റീൽ, പെട്രോകെമിക്കൽസ്, കൃഷി, ഇ-കൊമേഴ്‌സ് തുടങ്ങിയ മേഖലകൾക്ക് ഇത് വലിയ വാണിജ്യ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
പദ്ധതിയുടെ നിർമാണം ഇതിനകം 40 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. അൽ ഐൻ, അൽ ബുറൈമി, സുഹാർ, വാദി അൽ ജിസി എന്നിവിടങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. പർവതങ്ങളും താഴ്‌വരകളും കടന്നുപോകുന്ന റെയിൽപാതയിൽ അത്യാധുനിക തുരങ്കങ്ങളും പാലങ്ങളും വെള്ളപ്പൊക്ക പ്രതിരോധ സംവിധാനങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഒമാനും യു.എ.ഇയും തമ്മിലുള്ള യാത്രാ, ചരക്ക് ഗതാഗത മേഖലകളിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുന്നതായിരിക്കും ഹഫീത് റെയിൽ പദ്ധതി.
.jpeg)
No comments:
Post a Comment