നിയമവിധേയമായി പുതിയ ജീവിതം തുടങ്ങാൻ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുമെന്ന് ജി.ഡി.ആർ.എഫ്.എ മേധാവി
ദുബൈ: താമസ-വിസ നിയമങ്ങളുമായി ബന്ധപ്പെട്ട് അറിഞ്ഞോ അറിയാതെയോ തെറ്റുകൾ സംഭവിച്ചവർ അത് തുറന്നുപറഞ്ഞ് തിരുത്താൻ മുന്നോട്ടുവന്നാൽ ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിൻ അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) പൂർണ പിന്തുണ നൽകുമെന്ന് ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി വ്യക്തമാക്കി. തെറ്റ് തിരുത്തി നിയമവിധേയമായി ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ ഉപദേശങ്ങളും മാർഗനിർദേശങ്ങളും നൽകും. സ്ത്രീകളായാലും പുരുഷന്മാരായാലും കുട്ടികളായാലും നേരിട്ട് സമീപിച്ച് പ്രശ്നം തുറന്നുപറയുന്ന എല്ലാവരെയും സഹായിക്കാൻ ജി.ഡി.ആർ.എഫ്.എ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ ഫ്രീലാൻസ് വിസകളുമായി ബന്ധപ്പെട്ട് ജി.ഡി.ആർ.എഫ്.എ ഹെഡ് ഓഫീസിൽ നടത്തിയ പ്രഖ്യാപനത്തിനിടെ എമിറേറ്റ്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അൽ മർറി ഇക്കാര്യം വ്യക്തമാക്കിയത്. ചെറിയതോ വലിയതോ ആയ തെറ്റുകൾ സംഭവിച്ചവർ അത് തിരുത്താൻ മുന്നോട്ടുവന്നാൽ അവരെ പൂർണമായി പിന്തുണയ്ക്കുമെന്നും ആവശ്യമായ നടപടികളെക്കുറിച്ച് കൃത്യമായ നിർദേശങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ശരിയായ രീതിയിൽ ജീവിതം പുനരാരംഭിക്കുന്നതുവരെ ജി.ഡി.ആർ.എഫ്.എ അവർക്കൊപ്പം ഉണ്ടാകുമെന്നും, സഹായം തേടുന്നവർ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അനധികൃത വിസ തട്ടിപ്പുകൾക്കെതിരെ ദുബൈ ശക്തമായ നടപടികൾ തുടരുകയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യാജ ഫ്രീലാൻസ് വിസകൾ പ്രചരിപ്പിക്കുകയും വിൽക്കുകയും ചെയ്ത ഒരു ഗായകനെയും കൂട്ടാളികളെയും ദുബൈ പൊലീസുമായി സഹകരിച്ച് ജി.ഡി.ആർ.എഫ്.എ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലെ ജനപ്രീതി ദുരുപയോഗം ചെയ്ത് വ്യാജ വിസ വാഗ്ദാനം നൽകി ആളുകളെ കബളിപ്പിക്കുന്ന സംഘങ്ങൾക്കും താമസ-വിസ നിയമങ്ങൾ ലംഘിക്കുന്നവർക്കുമെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
No comments:
Post a Comment