ഇൻഫ്ലുവൻസ വാക്‌സിൻ സെപ്റ്റംബറിൽ തന്നെ സ്വീകരിക്കാൻ നിർദേശം

ഒക്ടോബർ മുതൽ രോഗവ്യാപനം വർധിക്കാൻ സാധ്യത; പ്രതിരോധശേഷിക്ക് രണ്ടാഴ്ച വരെ വേണ്ടിവരും

അബൂദബി: യു.എ.ഇയിൽ കാലാവസ്ഥ മാറിത്തുടങ്ങുന്നതോടെ വരും ആഴ്ചകളിൽ ഇൻഫ്ലുവൻസ കേസുകൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ സെപ്റ്റംബറിൽ തന്നെ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാൻ ആരോഗ്യവിദഗ്ധരുടെ നിർദേശം. വാക്‌സിൻ എടുത്തതിന് ശേഷം ശരീരത്തിൽ ശക്തമായ പ്രതിരോധശേഷി രൂപപ്പെടാൻ ഏകദേശം രണ്ടാഴ്ച വേണ്ടിവരുന്നതിനാലാണ് നേരത്തെ കുത്തിവെപ്പ് എടുക്കാൻ നിർദേശിക്കുന്നത്.

2026-27 സീസണിലെ ദേശീയ ഇൻഫ്ലുവൻസ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന്റെ ഭാഗമായി ഗർഭിണികൾ, ആറ് മാസം പൂർത്തിയായ കുഞ്ഞുങ്ങൾ, സ്കൂൾ വിദ്യാർഥികൾ, വയോധികർ, ദീർഘകാല രോഗങ്ങളുള്ളവർ, ആരോഗ്യപ്രവർത്തകർ, ഹജ്ജ്-ഉംറ തീർഥാടകർ എന്നിവർക്കാണ് പ്രത്യേക മുൻഗണന. ഒക്ടോബർ മുതൽ ഇൻഫ്ലുവൻസ വ്യാപനം ശക്തമാകാനും ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്ത് ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം ഗണ്യമായി ഉയരാനും സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.



No comments:

Post a Comment